അധ്യാപിക മര്‍ദ്ദിച്ചതായി ആരോപണം; ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: ചികിത്സയിലിരിക്കെ ആറാംക്ലാസ്സുകാരി മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും, അധ്യാപിക മര്‍ദ്ദിച്ചതായും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടമാണ് പോസ്റ്റ്‌മോര്‍ത്തിന് ഉത്തരവിട്ടത്.

ഉപ്പള സ്വദേശിയും മണിമുണ്ട എഡ്യുക്കേഷനല്‍ സൊസൈറ്റി ആറാം ക്ലാസ്  വിദ്യാര്‍ഥിയുമായ മെഹഖ്‌നാസ്(11) ആണ് ചൊവ്വാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അധ്യാപിക അടിച്ചതിനെതുടര്‍ന്നാണ് കുട്ടിക്ക് പരുക്കേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 28ന് ചികിത്സതേടി എത്തിയ പെണ്‍കുട്ടി പിന്നീട് ആശുപത്രിവിടുകയും ഇന്നലെ രാത്രിയോടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

പൊതുപ്രവര്‍ത്തകന്റെ പരാതിയെതുടര്‍ന്ന് മഞ്ചേശ്വരം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി അപസ്മാരത്തിന് ചികിത്സയിലാണെന്നുമാണ് പൊലീസ് പറയുന്നത്.

കര്‍ണ്ണാടക സ്വദേശികളായ അബ്ദുള്‍ഖാദര്‍-മെഹറുന്നിസ്സ ദമ്പതികളുടെ മകളാണ് മരിച്ച മെഹഖ്‌നാസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top