അണ്ണാഡിഎംകെയില്‍ പരസ്പരം പുറത്താക്കല്‍ തുടരുന്നു; എടപ്പാടി പളനിസാമിയെയും ഡിണ്ടിഗല്‍ ശ്രീനിവാസനെയും പാര്‍ട്ടി പദവികളില്‍ നിന്ന് ദിനകരന്‍ പുറത്താക്കി

ടിടിവി ദിനകരനും എടപ്പാടി പളനിസാമിയും ( ഫയല്‍ ചിത്രം)

ചെന്നൈ : അണ്ണാഡിഎംകെയില്‍ പരസ്പരമുള്ള പുറത്താക്കലുകള്‍ തുടരുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പാര്‍ട്ടി പദവിയില്‍ നിന്നും പുറത്താക്കി ടിടിവി ദിനകരനാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. എഐഎഡിഎംകെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി പദവിയില്‍ നിന്നാണ് എടപ്പാടി കെ പളനിസാമിയെ ദിനകരന്‍ പുറത്താക്കിയത്.


പളനിസാമിയ്ക്ക് പകരമായി പി പളനിയപ്പനെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറിയായി ദിനകരന്‍ നിയമിച്ചു. ഓഗസ്റ്റ് 27 ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അണ്ണാഡിഎംകെ സേലം ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും ദിനകരന്‍ പുറത്താക്കിയിരുന്നു.

പളനിസാമിയ്ക്കുപുറമെ, എഐഎഡിഎംകെ ട്രഷറര്‍ ഡിണ്ടിഗല്‍ സി. ശ്രീനിവാസനെയും പാര്‍ട്ടി പദവിയില്‍ നിന്നും ദിനകരന്‍ പുറത്താക്കി. ശ്രീനിവാസന് പകരം എം രംഗസ്വാമിയെ പാര്‍ട്ടി ട്രഷററായി നിയമിച്ചിട്ടുണ്ട്.


ഇന്നലെ നടന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം വി കെ ശശികലയെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. കൂടാതെ ദിനകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും, ദിനകരന്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കാനും ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിരുന്നു. ഇതിന് തിരിച്ചടിയായാണ് ദിനകരന്‍ പക്ഷത്തിന്റെ തീരുമാനം.

പളനിസാമി സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ദിനകര പക്ഷത്തെ എഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും, പുതിയ നേതാവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് ദിനകരന്റെ ആവശ്യം. പളനിസാമി രാജിവെച്ചില്ലെങ്കില്‍ സഭയില്‍ വിശ്വാസവോട്ട് തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ദിനകരന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

പളനിസാമി സര്‍ക്കാരിനെ ഏതുവിധേനയും അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിനകരന്‍ എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിന് പിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. പളനിസാമി രാജിവെച്ചാല്‍ അണ്ണാഡിഎംകെ എംഎല്‍എമാരെല്ലാം തന്റെ പക്ഷത്തേക്ക് എത്തുമെന്നും ദിനകരന്‍ അവകാശപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top