ശരത് യാദവിന് തിരിച്ചടി; ജെഡിയു തെരഞ്ഞെടുപ്പ് ചിഹ്നം നിതീഷ് വിഭാഗത്തിന്

നിതീഷ്‌കുമാറിനൊപ്പം ശരത് യാദവ് (ഫയല്‍)

ദില്ലി: ജനതാദള്‍ -യുണൈറ്റഡ് (ജെഡിയു) പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് തങ്ങളുടെ വിഭാഗത്തിന് അനുവദിക്കണമെന്ന ജെഡിയു വിമത വിഭാഗ നേതാവ് ശരത് യാദവിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ തെളിയിക്കുന്ന കത്ത് അടക്കമുള്ള രേഖകള്‍ നല്‍കാതിരുന്നതിനെതുടര്‍ന്നാണ് ശരത് യാദവിന്റെ അപേക്ഷ, കമ്മീഷന്‍ നിരസിച്ചത്. ഇതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ജെഡിയു ഔദ്യോഗിക പക്ഷമായി തുടരും.

പാര്‍ട്ടി ചിഹ്നവും  പാര്‍ട്ടി ഓഫീസുകളും തങ്ങള്‍ക്കനുവദിക്കണമെന്നും യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്നും അവകാശപ്പെട്ടാണ് ശരത് യാദവ് വിഭാഗത്തിന് വേണ്ടി ജാവേദ് റാസ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനോ രേഖകള്‍ ഹാജരാക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.

കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായുള്ള വിശാല സഖ്യം ഉപേക്ഷിച്ച് നിതീഷ്‌കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയതോടെയാണ് പാര്‍ട്ടി സ്ഥാപകനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് നിതീഷുമായി പിണങ്ങിയത്. പാര്‍ട്ടിയുടെ രാജ്യസഭാകക്ഷിയ നേതാവുമായിരുന്നു ശരത് യാദവ്. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനെതിരേ ഉണ്ടായ അഴിമതി ആരോപണങ്ങളെയും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളെയും തുടര്‍ന്നാണ് നിതീഷ്, വിശാലസഖ്യം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് പുതിയ മന്ത്രിസഭയുണ്ടാക്കിയത്.

ഇതോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരേ രൂപീകരിച്ച വിശാലസഖ്യം വിട്ട് എതിരാളികളായ ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷ് മന്ത്രിസഭയുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ശരത് യാദവും മറ്റൊര് എംപിയായ അലി അന്‍വറിന്റെയും നേതൃത്വത്തില്‍ ജെഡിയുവില്‍ വിമത നീക്കം ആരംഭിച്ചത്.

തുടര്‍ന്ന്   ശരത് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ശരത് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  നിതീഷ് വിഭാഗം നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരു എംപിമാര്ക്കും നോട്ടീസ് നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top