ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തിയ്യറ്ററുകളിലേയ്ക്ക്

ദിലീപ്

ദിലീപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ചിത്രം രാമലീല ഈ മാസം 28ന് തിയ്യറ്ററുകളിലെത്തും. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെ ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി നീട്ടിവെച്ചിരിക്കുകയായിരുന്നു.

ദിലീപ് നാളെ ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിയെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏപ്രില്‍ 19 പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, മേക്കിംഗ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top