നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി

ഫയല്‍ ചിത്രം

തിരുവനന്തപുരം : പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്‌റ്റേറ്റിന്റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്‌റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നത് മന്ത്രിസഭായോഗം റദ്ദാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പോബ്‌സിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയിരുന്നത്. കരുണ എസ്‌റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1-3-2014 ലെ ഉത്തരവും, 16-3-2014 ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനവും ഇന്നത്തെ മന്ത്രിസഭായോഗം റദ്ദാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ എകെ ബാലന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്നും, തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയതെന്നും ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപസമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കരുണയുടെ കരം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ പാട്ടക്കുടിശ്ശിക ഇളവ് നല്‍കാനുള്ള തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി. ടെന്നീസ് ക്ലബ്ബിന്റെ 4.27 ഏക്കര്‍ ഭൂമിയുടെ 11 കോടിയാണ് പാട്ടക്കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതില്‍ പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ടെന്നീസ് ക്ലബ്ബിന് പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് ധനവകുപ്പുമായോ, നിയമവകുപ്പുമായോ ആലോചിച്ചല്ലെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ക്ലബ്ബിന് പാട്ടക്കുടിശ്ശികയില്‍ ഇളവ് നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാട്ടക്കുടിശ്ശിക ഇളവിനുള്ള തീരുമാനം റദ്ദാക്കിയത്.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ ഇളമ്പമുദാക്കല്‍ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാനും, റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗ്ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് 2 ഏക്കര്‍ വീതം 68 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top