നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി 27 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 27 വരെ നീട്ടി. പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയായിരുന്നു. അതേസമയം കോടതിയിലെത്തിച്ചപ്പോള്‍ നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയോ എന്ന ചോദ്യത്തിന് പൊലീസ് എന്താണ് പറയുന്നത് എന്നതിനെ പറ്റി തനിയ്ക്കറിയില്ലെന്ന് സുനി പ്രതികരിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു വിവരം. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യാപേക്ഷ നല്‍കുന്നത് ഒരു ദിവസത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടുള്ളത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി നാദിര്‍ഷാ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. അറസ്റ്റിന്റെ സൂചനകള്‍ വന്നതിനെ തുടര്‍ന്ന് നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top