ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തേടി ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍

ഫയല്‍ ചിത്രം

ബെര്‍ണബ്യു : ഹാട്രിക് കിരീടം തേടി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് ചാമ്പ്യന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ടീം അപോയെല്‍ ആണ് റയലിന്റെ എതിരാളി. ഇന്നു നടക്കുന്ന മറ്റുമല്‍സരങ്ങളില്‍ ലിവര്‍പൂള്‍-സെവിയ്യയെയും, ടോട്ടനം ഹോട്‌സ്പര്‍-ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി-ഫെയ്‌നൂര്‍ദ്, ഷാക്തര്‍ ഡൊണെസ്തക് – നാപോളി മത്സരങ്ങളും ഇന്നു നടക്കും.

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിയ ഏക ടീമാണ് റയല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും നേടിയ കിരീടനേട്ടം ഇത്തവണയും ആവര്‍ത്തിക്കാനാണ് റൊണാള്‍ഡോയും സംഘവും കോപ്പുകൂട്ടുന്നത്. വിലക്കുകാരണം സ്പാനിഷ് ലീഗില്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ട റൊണാള്‍ഡോ ഇടവേളയ്ക്കുശേഷം റയല്‍ കുപ്പായത്തില്‍ ഇന്നിറങ്ങും. സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, സെര്‍ജിയോ റാമോസ്, ഡാനി കബെല്ലോസ് എന്നിവര്‍ക്കൊപ്പം മാര്‍കോ അസെന്‍സിയോയും ഇസ്‌കോയും ചേരുമ്പോള്‍ ലീഗിലെ ഏറ്റവും കരുത്തരായ ടീമായി മാറുകയാണ് സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍. ഇതിനുമുമ്പ് റയലും അപോയെലും ഏറ്റുമുട്ടിയപ്പോള്‍ 8-2നായിരുന്നു ഇരുപാദങ്ങളിലുമായി റയലിന്റെ ജയം.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനവും ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും. റയലുള്‍പ്പെട്ട ഗ്രൂപ്പില്‍ നിര്‍ണായകമാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ടോട്ടനം. ജര്‍മന്‍ ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഡോര്‍ട്ട്മുണ്ട്. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടായ വെംബ്‌ളി സ്‌റ്റേഡിയത്തിലാണ് മല്‍സരം.

ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ സ്പാനിഷ് ടീമായ സെവിയ്യയെ നേരിടും. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി – ഡച്ച് ക്‌ളബ് ഫെയ്‌നൂര്‍ദിനെയും, ഷാക്തര്‍ ഡോണെസ്ത്ക് ഇറ്റാലിയന്‍ ക്ലബ്ബായ നാപോളിയെയും നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top