special page

നൈസി, അച്ഛന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ച മകള്‍; നീതി തേടി ഈ മകളുടെ യാത്ര തുടരുകയാണ്

നൈസി മാത്യു

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ വീട്ടില്‍ മാത്യുവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവം പുറം ലോകമറിഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഞെട്ടിക്കുന്ന ആ കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചതാകട്ടെ അദ്ദേഹത്തിന്റെ മൂത്ത മകള്‍ നൈസിയും. പിതാവിന്റെ അസ്ഥിക്കഷ്ണങ്ങള്‍ക്ക് വേണ്ടി കാത്തുനിന്ന മകളുടെ മാനസികാവസ്ഥയെ പോലും വകവെയ്ക്കാതെ നാട്ടുകാരും മാധ്യമങ്ങളും ഉള്‍പ്പെടെ ഏറെ ‘ആഘോഷിച്ച’തായിരുന്നു, ഒരു കാലത്ത് പ്രൗഢപ്രമാണിയായി ജീവിച്ച മാത്യുവിന്റെ കൊലപാതകം. സംഭവം പുറംലോകമറിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും കേസിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. കേസിന്റെ നടപടികളെക്കുറിച്ചറിയാന്‍ സ്റ്റേഷന്‍ കയറിയിറങ്ങി തീരുകയാണ് നൈസിയുടെ പാതി ജീവിതം. ഓരോ തവണയും അന്വേഷണ ചുമതലയുള്ള സിഐയെ സമീപിക്കുമ്പോള്‍ നിരാശ ബാക്കിയാക്കി മടക്കം. സദാചാരവാദികളായ നാട്ടുകാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം വേറെ. എങ്ങുമെത്താത്ത കേസിനേക്കുറിച്ചും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും മനസു തുറക്കുകയാണ് നൈസി മാത്യു എന്ന 30 കാരി.

കാലായില്‍ മാത്യു

‘മാത്തച്ചന്‍ ജീവിച്ചിരിപ്പില്ല, കൊന്നതാ’, ജീവിതത്തെ മാറ്റിമറിച്ച ആ ഫോണ്‍ കോള്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിന് ടിവി പുരം സ്വദേശി വാസു എന്നെ കാണാന്‍ വന്നു. അതിന് മുന്‍പും അയാള്‍ നിരവധി തവണ കാണാന്‍ വീട്ടില്‍ വന്നിട്ടുണ്ടെങ്കിലും ആ വരവില്‍ എന്തൊക്കെയോ എനിക്ക് തോന്നി. വീട് അപ്പന്റെ പേരിലെഴുതിക്കൊടുത്ത് വാസുവിന്റെ മകന്‍ അനീഷ് പണം വാങ്ങിയിരുന്നു. അക്കാര്യങ്ങള്‍ സംസാരിക്കാനാണ് വാസു അന്ന് വീട്ടില്‍ വന്നത്. എന്നാല്‍ അതേപ്പറ്റിയൊന്നും അയാള്‍ പറഞ്ഞില്ല. ഫോണ്‍ നമ്പറും വാങ്ങി അയാള്‍ പോയി. പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. വീട്ടിലുള്ളവരെല്ലാം പള്ളിയില്‍ പോയി. രാവിലെ ഒരു എട്ടുമണിയായപ്പോള്‍ എനിക്ക് വാസുവിന്റെ കോള്‍ വന്നു. വീട് തിരികെ അവരുടെ പേരില്‍ എഴുതി നല്‍കണമെന്നു പറഞ്ഞായിരുന്നു അയാള്‍ വിളിച്ചത്. കരാര്‍ എഴുതി ഏഴ് വര്‍ഷം പൂര്‍ത്തിയായ ശേഷമേ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂ എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ പിന്നെയും ആവശ്യം പറഞ്ഞെങ്കിലും നടക്കില്ലാന്ന് തന്നെ ഞാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ‘ അപ്പനെ പ്രതീക്ഷിച്ചിരിക്കണ്ട, ജീവിച്ചിരിപ്പില്ല’ എന്നായിരുന്നു. അയാള്‍ വെളിവില്ലാതെ പറയുന്നതാണെന്നായിരുന്നു ആദ്യം കരുതിയത്. അതെന്താ അങ്ങനെ പറഞ്ഞേ എന്നു എടുത്ത് ചോദിച്ചപ്പോ മാത്തച്ചന്‍ ജീവിച്ചിരിപ്പില്ല, തന്റെ മകന്‍ കൊന്നതാണെന്നു കൂടി അയാള്‍ പറഞ്ഞു. അത് പറഞ്ഞ ഉടന്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.

പ്രതി അനീഷിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

സൗണ്ട് റെക്കോര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് അയാള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്തു

എന്ത് ചെയ്യണമെന്ന് ആലോചിരിക്കാന്‍ സമയമുണ്ടായില്ല. സൗണ്ട് റെക്കോര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് അയാളെ തിരികെ വിളിച്ചു. പറഞ്ഞ കാര്യങ്ങള്‍ അയാള്‍ ആവര്‍ത്തിക്കുക മാത്രമല്ല, അക്കാര്യം പൊലീസിനോട് പറയാന്‍ തയ്യാറാണെന്നും പറഞ്ഞു. അതെല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്തു. എന്റെ കൂടെ പൊലീസ് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞെങ്കിലും അയാള്‍ അതിന് കൂട്ടാക്കിയില്ല. എന്നോട് പൊയ്‌ക്കോളാനും പൊലീസ് വിളിച്ചാല്‍ പറഞ്ഞോളാം എന്നും പറഞ്ഞു. അച്ഛനെ കാണാനില്ല എന്നു കാണിച്ച് 2008 നവംബറില്‍ വൈക്കം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ വിവരവുമായി വൈക്കം പൊലീസ് സ്‌റ്റേഷനിലേക്ക് തന്നെയാണ് പോയത്. സിഐ സാറിനോട് കാര്യം പറഞ്ഞു. വാസുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നോട് പറഞ്ഞ കാര്യങ്ങള്‍ അയാള്‍ പൊലീസിനോടും പറഞ്ഞു. മകന്റെ കൂടെ ജയിലില്‍ കഴിഞ്ഞ ഒരു പ്രതി വീട്ടിലേക്കയച്ച കത്തുകളെക്കുറിച്ച് വാസു വെളിപ്പെടുത്തി. അപ്പന്റെ കൊലപാതകത്തെക്കുറിച്ചായിരുന്നു ആ കത്തുകളില്‍ ചിലത്. കൊലപാതകത്തെക്കുറിച്ച് പറയുന്ന കത്തുകള്‍ പ്രതി അനീഷ് കീറിക്കളഞ്ഞിരുന്നു. വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കത്തുകളില്‍ ഒരെണ്ണം ലഭിച്ചു. അത് ഞാന്‍ വായിക്കുകയും ചെയ്തു. അപ്പച്ചനെ കൊലപ്പടുത്തിയ കാര്യം ഞങ്ങളെ അറിയിക്കാന്‍ വേണ്ടി പ്രേമന്‍ എന്നു പേരുള്ള ആ പ്രതി അഡ്രസ് ചോദിക്കുന്നതായിരുന്നു ആ കത്തില്‍.

തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള കെട്ടിടം. ഇവിടെയാണ് തെളിവെടുപ്പ് നടന്നത്

ഒടുവില്‍ നാലാമത്തെ ദിവസം അസ്ഥികള്‍ കിട്ടി

കള്ളനോട്ട് അടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അനീഷിനെ ഒരു മാസം മുന്‍പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അപ്പനെ കൊന്ന കാര്യം അയാള്‍ സമ്മതിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള കെട്ടിടം കുഴിച്ചുള്ള തെളിവെടുപ്പ്. നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായിട്ടാണ് എനിക്ക് എന്നെത്തന്നെ തോന്നിയത്. തെളിവെടുപ്പിന് അനീഷിനെ കൊണ്ടുവന്നപ്പോള്‍ അയാള്‍ക്ക് നേരെ പാഞ്ഞടുത്തുവെങ്കിലും പൊലീസ് ഇടപെട്ട് എന്നെ നിയന്ത്രിക്കുകയായിരുന്നു. ചില സമയങ്ങളില്‍ സമനില പോലും തെറ്റി. മൂന്ന് ദിവസത്തോളം തെളിവെടുപ്പ് നീണ്ടു. സ്ഥലം മാറ്റി, മാറ്റി പറഞ്ഞത് അനീഷ് പൊലീസിനെ കുഴക്കി. ഒടുവില്‍ നാലാമത്തെ ദിവസം കെട്ടിടത്തിന്റെ പിന്‍ഭാഗത്തു നിന്നും അസ്ഥികള്‍ കിട്ടി.

കെട്ടിടത്തിന്‍റെ തറ പൊളിച്ച നിലയില്‍

ഇപ്പോ മൂന്നാമത്തെ സിഐ ആണ്, എസ്‌ഐയും സ്ഥലം മാറിപ്പോയി

അപ്പനെ കാണാനില്ല എന്ന് കാണിച്ച് വൈക്കം പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയതെന്ന് പറഞ്ഞുവല്ലോ. പിന്നീട് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പണിതപ്പോള്‍ കേസ് ആ സ്റ്റേഷനിലേക്ക് മാറ്റി. അപ്പന്റെ കൊലപാതകം സംബന്ധിച്ച കേസും ഇപ്പോള്‍ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്. കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന സിഐ നവാസ് സാറ് എല്ലാ പിന്തുണയും നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ അറിയിക്കുമായിരുന്നു. അദ്ദേഹം സ്ഥലംമാറിപ്പോയി. അദ്ദേഹത്തിന് ശേഷം മറ്റൊരു സിഐയും വന്നിരുന്നു. അദ്ദേഹവും പോയ ശേഷം ഇപ്പോള്‍ മറ്റൊരു സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. പുതിയ സിഐയെ കാണാന്‍ പോയിരുന്നുവെങ്കിലും കൂടുതലൊന്നും അദ്ദേഹം പറയാന്‍ തയ്യാറായില്ല. അതിനിടെ എസ്‌ഐക്കും സ്ഥലം മാറ്റം ലഭിച്ചു.

തെളിവെടുപ്പ് നടക്കുന്ന കെട്ടിടത്തിന് സമീപം കാത്തുനില്‍ക്കുന്ന നൈസി

ഡിഎന്‍എ പരിശോധനയ്ക്ക് കോടതി ഉത്തരവ് കിട്ടി, രക്തം പോലും എടുത്തിട്ടില്ല

തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് അസ്ഥിക്കഷ്ണങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. അതിന്റെ റിസള്‍ട്ട് ഇതുവരെയായിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കുള്ള കോടതി ഉത്തരവ് ആ സമയത്തു തന്നെ ഓടിനടന്ന് നേടിയെടുത്തിരുന്നു. പരിശോധനയ്ക്കുള്ള രക്തം പോലും ഇതുവരെ എടുത്തിട്ടില്ല.

ലക്ഷങ്ങളുടെ കടം തീര്‍ക്കാനുണ്ട്. ജോലിയോ, വരുമാനമോ ഇല്ലാത്ത എനിക്ക് അതിന് പരിമിതികളുണ്ട്

കെഎസ്എഫ്ഇയില്‍ നിന്നും അപ്പന്‍ കുറച്ചു പണം കടമെടുത്തിരുന്നു. അപ്പനെ കാണാതാകുന്നതിന് തൊട്ടു മുന്‍പുവരെ അതിന്റെ അടവ് നടന്നിരുന്നു. അത് മുതലും പലിശയും ചേര്‍ന്ന് വലിയൊരു തുകയായി. 33 ലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞ് അടുത്തിടയ്ക്കാണ് നോട്ടീസ് വന്നത്. ധനമന്ത്രി തോമസ് ഐസക്കിനെ പോയി കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹം ഇടപെട്ട് പലിശ ഒഴിവാക്കി. ഇനി പതിനേഴ് ലക്ഷം രൂപ അടക്കണം. എത്രയും പെട്ടെന്ന് പണമടയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം പതിനഞ്ചിന് അടയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. അതിന് പരിമിതികളുണ്ടെന്ന് അവിടെ നേരിട്ടെത്തി പറഞ്ഞിരുന്നു. പ്രത്യേകിച്ച് ജോലിയോ, വരുമാനമോ ഇല്ലാത്ത എനിക്ക് ആ പണം ഉടനെ കണ്ടെത്താന്‍ സാധിക്കില്ല. ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് പരിമിതികളുണ്ട്. അമ്മയ്ക്കും രണ്ട് അനിയത്തിമാര്‍ക്കും ഞാന്‍ മാത്രമേയുള്ളൂ. വീട് വിറ്റിട്ടായാലും ആ തുക അടക്കണമെന്നുണ്ട്. ഇത്തരത്തിലൊരു കേസിലൊക്കെ അകപ്പെട്ടിട്ടാകാം വീട് വില്‍ക്കാന്‍ കഴിയുന്നില്ല.

നൈസി

പെണ്ണുങ്ങളായ ഞങ്ങള്‍ക്ക് എങ്ങനെയാണ് അവരെ നേരിടാന്‍ പറ്റുക?

രാത്രിയില്‍ മരണഭയത്തോടെയാണ് ഞാനും അമ്മയും സഹോദരിയും കിടന്നുറങ്ങുന്നത്. ചില രാത്രികളില്‍ വീടിന് സമീപം ചിലരുടെ കാല്‍പെരുമാറ്റം കേള്‍ക്കാം. ചിലര്‍ പതുങ്ങിനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ലൈറ്റിട്ട് ബഹളമുണ്ടാക്കുമ്പോള്‍ അവര്‍ ഓടിപ്പോകും. ആള്‍താമസം കുറവുള്ള ഇടത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ചുറ്റും റബര്‍ തോട്ടവും. മോഷ്ടാക്കളേയോ, മറ്റെന്തെങ്കിലും ഉദ്ദേശവുമായി വരുന്നവരേയോ ഞങ്ങള്‍ പെണ്ണുങ്ങള്‍ എങ്ങനെയാണ് നേരിടുക? പറ്റുന്നവിധത്തില്‍ നിലവിളിച്ച് ശബ്ദമുണ്ടാക്കാന്‍ ശ്രമിക്കും. ആരും സഹായത്തിന് പോലും വരില്ല. വീടിന് ചുറ്റുമതില്‍ ഇല്ലാത്തത് പേടികൂട്ടുന്നുണ്ട്. ഒരു മതില്‍ പണിയണമെന്ന ആഗ്രഹമുണ്ട്.

നൈസിയുടെ വീട്

അപ്പന് വേറെ ഭാര്യയും മക്കളും ഉണ്ടെന്നുവരെ പറഞ്ഞു

അപ്പനെ കാണാതായ ശേഷം ഞങ്ങള്‍ ഏറെ അപവാദങ്ങള്‍ കേട്ടു. അപ്പന് വേറെ ഭാര്യയും മക്കളും ഉണ്ട് എന്നൊക്കെ ചിലര്‍ പറഞ്ഞുണ്ടാക്കി. അവര്‍ക്കൊക്കെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനേ ശ്രമിച്ചിട്ടുള്ളൂ. അപ്പന്‍ പോയതോടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. അപ്പനുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ക്ക് ഈ ഒരു ഗതി തന്നെ വരില്ലായിരുന്നു. കേസിലെ പ്രതി അനീഷ് പുറത്തിറങ്ങിയാലുള്ള അവസ്ഥയെക്കുറിച്ച് നല്ല ഭയമുണ്ട്. അയാള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ രാഷ്ട്രീയ പ്രമുഖന്റെ മകന് പങ്കുള്ളതായി ചിലര്‍ പറഞ്ഞിരുന്നു. അതില്‍ എത്രത്തോളം വാസ്തവമുണ്ടെന്നറിയില്ല. അത് പ്രതിക്ക് കേസിനെ സ്വാധീനിക്കാനുള്ള കാരണമാകാതിരുന്നാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന.

എന്റെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടാകട്ടെ എന്നുകരുതി

എന്റെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടാകട്ടേ എന്നു കരുതിയാണ് വൃക്കദാനം ചെയ്തത്. കൊച്ചി സ്വദേശിനിയായ എന്റെ ഒരു സുഹൃത്ത് അവരുടെ ഭര്‍ത്താവിന്റെ അവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞു. വൃക്കദാനം ചെയ്യാന്‍ അവര്‍ തയ്യാറായെങ്കിലും എന്തുകൊണ്ടോ എനിക്കവരെ സഹായിക്കണം എന്ന് തോന്നി. വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍മക്കളാണ് അവര്‍ക്ക്. എന്തെല്ലാം അവര്‍ക്ക് ചെയ്യാനുണ്ട്? പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഞാന്‍ എന്റെ വൃക്ക സുഹൃത്തിന്റെ ഭര്‍ത്താവിന് നല്‍കാന്‍ തീരുമാനിച്ചു. ഭാഗ്യംകൊണ്ട് എല്ലാ ടെസ്റ്റുകളും ശരായായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

വൃക്കദാനം ചെയ്ത ശേഷം നൈസിക്ക് സിപിഐഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കുന്നു

പരസഹായിയാണ് ഈ പെണ്‍കുട്ടി. സുഹൃത്തിന്റെ ഭര്‍ത്താവിന് വൃക്ക പകുത്തു നല്‍കിയപ്പോള്‍ അത് പുറംലോകമറിഞ്ഞു. ഉയരങ്ങള്‍ കീഴടക്കണമെന്നല്ല, വീട് വിറ്റു കിട്ടുന്ന തുക കൊണ്ട് കെഎസ്എഫ്ഇയിലെ കടം വീട്ടണമെന്നും ബാക്കിയുള്ള തുക കൊണ്ട് ഒരു വീടു വാങ്ങണമെന്നുമാണ് നൈസിയുടെ സ്വപ്നം. അപ്പന് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അമ്മയേയും സഹോദരിമാരേയും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സംരക്ഷിക്കണമെന്നുമുള്ള നിലയുറച്ച വിശ്വാസവുമാണ് നൈസിയെ മുന്നോട്ടുനയിക്കുന്നത്. ‘നന്മ ചെയ്യുന്നവനൊപ്പം ദൈവമുണ്ടാകും, മരണം വരെ’, നൈസി പറയുന്നു.

നൈസി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top