ഹരിയാനയിലെ പത്തുവയസുകാരിയുടെ പ്രസവം; കുഞ്ഞിന്റെ പിതാവ് പ്രതിയാക്കപ്പെട്ടയാളല്ലെന്ന് ഡിഎന്‍എ ഫലം

പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: രാജ്യത്തെ തന്നെ ഏറെ ചര്‍ച്ചയായ പത്തുവയസുകാരി ഗര്‍ഭം ധരിക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പൊലീസ് പറയുന്ന മാതൃസഹോദരനല്ല പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിയുടെ പിതാവെന്ന് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ അമ്മാവന്റെ അഭിഭാഷകനാണ് ഡിഎന്‍എ ഫലം പുറത്തുവിട്ടത്.

ബന്ധു തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കയതിന്റെ അടിസ്ഥാനത്തിലാണ് അമ്മാവനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. പീഡനത്തെതുടര്‍ന്ന് പത്തുവയസുകാരി ഗര്‍ഭിണിയായെങ്കിലും ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. വിവിധ കോടതികള്‍ കേസില്‍ വാദം നടന്ന് ഒടുവില്‍ കേസ് സുപ്രിംകോടതിയില്‍ എത്തുകയായിരുന്നു.

വൈകിയ വേളയില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ ജീവന് തന്നെ ഹാനികരമാകുമെന്ന വിദഗ്ധറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രസവവത്തിനും അനുബന്ധ പരിചരണത്തിനുമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓഗസ്റ്റ് 17 ന് പെണ്‍കുട്ടി, ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ഈ കുഞ്ഞിന്റെ ഡിഎന്‍എ, കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ഡിഎന്‍എയുമായി ഒത്തുപോകുന്നതല്ലെന്ന വിവരമാണ് അഭിഭാഷകന്‍ പുറത്തുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം, കേസിലെ പുതിയ വഴിത്തിരിവിനെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top