ദിലീപ് ചിത്രം ‘രാമലീല’ ഉടന്‍ തിയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീപ് നായകനായ രാമലീലയുടെ റിസലീസ് തീയതി പ്രഖ്യാപിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ല എന്നതിനാലാണ് ചിത്രം ഈമാസംതന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. ഈ മാസം 28ന് ചിത്രം തിയേറ്ററുകളിലെത്തും.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിയെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി അരങ്ങേറുന്ന വിവാദങ്ങള്‍ ദിലീപിനോടൊപ്പം രാമലീലയേയും ലക്ഷ്യം വെച്ചാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം അഭിപ്രായപ്പെട്ടിരുന്നു. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു ശേഷം കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായതെന്നതിനാല്‍ ഇക്കാര്യം ഉറപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top