ഇന്ത്യന്‍ പര്യടനത്തില്‍ ഓസീസിന് വിജയത്തുടക്കം; ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ 103 റണ്‍സിന് തകര്‍ത്തു

ചെന്നൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യന്‍ മണ്ണില്‍ വിജയത്തുടക്കം. ആദ്യ പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ 103 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇലവന്‍ പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ 244 റണ്‍സിന് പുറത്തായി. മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍: ഓസീസ് ഏഴിന് 347; ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ 48.2 ഓവറില്‍ 244 ന് പുറത്ത്‌

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (64), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (55), ട്രാവിസ് ഹെഡ് (65), മാര്‍ക്കസ് സ്റ്റോയിനിസ് (76) എന്നിവരുടേയും 24 പന്തില്‍ 45 റണ്‍സ് എടുത്ത മാത്യു വെയ്ഡിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കിട്ടിയ അവസരം മികച്ച ബാറ്റിംഗ് പരിശീലനമാക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിഞ്ഞു. ബോര്‍ഡ് പ്രസിഡന്റ്‌സ് ബൗളര്‍മാരില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. എട്ടോവറില്‍ 23 റണ്‍സ് വഴങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് അല്‍പമെങ്കിലും മാന്യമായ നിലയില്‍ കളം വിട്ടത്.

മറുപടി ബാറ്റിംഗില്‍ പ്രസിഡന്റ്‌സ് ഇലവന് ഒരു ഘട്ടത്തില്‍ പോലും ഓസീസിന് വെല്ലുവിളി ഉയര്‍ത്താനായില്ല. ശ്രീവത്സ് ഗോസ്വാമി (43), മായങ്ക് അഗര്‍വാള്‍ (42), അക്ഷയ് കര്‍നേവാര്‍ (40), കുശാങ് പട്ടേല്‍ (41) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആഷ്ടണ്‍ ആഗറാണ് ഇന്ത്യന്‍ ഇലവനെ തകര്‍ത്തത്.

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കാണ് ഓസീസ് ടീം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം ഈ മാസം 17 ന് നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top