ആ പ്രതിഷേധത്തിന് പിന്നില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍; കത്തിപ്പടര്‍ന്ന് ”ഷൂട്ട് മി നൗ ഫ്രെയിം സ്ലോഗണ്‍”

കൊച്ചി: കഴിഞ്ഞ കുറെ ദിവസങ്ങളായി ‘ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ ‘ എന്ന മുദ്രാവാക്യം കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ ചിത്രത്തിനൊപ്പം രാജ്യം മുഴുവന്‍ പടര്‍ന്നു.” എങ്കില്‍ നീ എന്നെയും വെടിവച്ചു കൊല്ലണം” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ഒരു പ്രതിഷേധം. ഫേസ്ബുക്കില്‍ സ്വന്തം ചിത്രത്തെ ആവരണം ചെയ്യുന്ന ഒരു ഫ്രെയിം സ്ലോഗണ്‍ ആണത്. അരവിന്ദ് വി എന്ന മാധ്യമപ്രവര്‍ത്തകന്റെ ആശയം ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ഭാരതീയര്‍ ഏറ്റു പറഞ്ഞ മുപ്പത് മണിക്കൂറുകള്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ ഉലച്ചു കളഞ്ഞു. ആ ആഘാതത്തില്‍ നിന്നും മോചിതരാകാതെ ഗൗരി ലങ്കേഷിന്റെ കൊലയാളികളോടുള്ള പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്. ഗൗരി ലങ്കേഷിനോട് അനുഭാവം പ്രകടിപ്പ് രാജ്യമൊട്ടുക്ക് സോഷ്യല്‍മീഡിയയില്‍ വിവിധതരം ക്യാമ്പയിനുകളും സജീവമാണ്. ആയിരങ്ങളാണ് ഗൗരിയുടെ ചിത്രം തങ്ങളുടെ ഫെയ്‌സ്ബുക്ക് ഫ്രെയിമാക്കിയിരിക്കുന്നത്. എന്നാല്‍ മലയാളിയും പത്രപ്രവര്‍ത്തകനുമായ വി അരവിന്ദിന്റെ ഫേസ്ബുക് ഫ്രെയിം വൈറലായി മാറിയിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനല്‍ ഗ്രൂപ്പിന്റെ വാര്‍ത്താ മാധ്യമം ട്വന്റിഫോര്‍ ന്യൂസില്‍ ന്യൂസ് എഡിറ്റര്‍ ആണ് അരവിന്ദ്.

കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമ ബംഗാള്‍, ത്രിപുര, ഒറീസ്സ, ഹരിയാന , ദില്ലി, തെലുങ്കാന, ആന്ധ്ര തുടങ്ങി വിവിധയിടങ്ങളിലുള്ള പുരോഗമന വാദികള്‍ അരവിന്ദിന്റെ ഫെസ്ബുക്ക് ഫ്രെയിം തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിമാറ്റിയിരിക്കുകയാണ്. ഗൗരി ലങ്കേഷ് പ്രതിഷേധങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉപയോഗിക്കപ്പെട്ട ഫ്രെയിമായി ഇത് മാറിയിരിക്കുകയായാണ്.

നേരത്തെ പ്രശസ്തമായ വാര്‍ത്താധിഷ്ഠിത പരിപാടികളായ ‘അണിയറ, വിചാരണ, കൈരളിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സാക്ഷി, ഉത്തരം, ഓര്‍മ്മ എന്നിവയുടെ സംവിധായകന്‍ ആയിരുന്നു അരവിന്ദ്. യുവാക്കളുടെ പ്രിയപ്പെട്ട റോസ്ബൗള്‍ ചാനലിന്റെ രൂപകല്‍പ്പനയിലെ പ്രധാനികളില്‍ ഒരാള്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, എസിവി, എന്‍ടിവി തുടങ്ങി നിരവധി മലയാള ടെലിവിഷന്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതമായ ബോം ടിവിയുടെ എംസിഎന്‍ ചാനലിന്റെ കണ്ടന്റ് ഹെഡ്ഡും വാര്‍ത്താ വിഭാഗം തലവനുമായിരുന്നു, ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമ രംഗത്ത് ശ്രദ്ധേയനായ അരവിന്ദ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top