ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി

ഒമാന്‍ ഒബ്‌സര്‍വര്‍ പത്രം പുറത്തുവിട്ട ഫാദര്‍ ഉഴുന്നാലിന്റെ പുതിയ ചിത്രം

സന: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ വൈദികന്‍ ഫാദര്‍ ടോം ഉന്നുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചതായി ഒമാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫാദര്‍ ടോം മോചിതനായ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയതായി ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ മുറിയില്‍ ഫാദര്‍ ടോം നില്‍ക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. കറുത്തവസ്ത്രം ധരിച്ച ഫാദര്‍ ടോം പ്രസന്നവദനനായി നില്‍ക്കുന്നതാണ് ചിത്രം. ദൈവത്തിനും തന്റെ മോചനത്തിനായി ശ്രമിച്ച സഹപ്രവര്‍ത്തകര്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിനും നന്ദി അറിയിക്കുന്നതായി ഫാദര്‍ ടോം പ്രതികരിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്കറ്റിലെത്തിയത്. ഒമാനിൽ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സർക്കാരിന്‍റെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും  റിപ്പോർട്ടുണ്ട്.

സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല്  കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, സൗദി അറേബ്യന്‍ സര്‍ക്കാരിനെ ഇടപെടുത്തി നയതന്ത്ര നീക്കങ്ങള്‍ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top