അര്‍ബുദബാധ; പ്രശസ്ത സിനിമാ-നാടക നടന്‍ ടോം ആള്‍ട്ടര്‍ ആശുപത്രിയില്‍

ടോം ആള്‍ട്ടര്‍

മുംബൈ: പ്രശസ്ത സിനിമാ-നാടക നടന്‍ ടോം ആള്‍ട്ടര്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് മകന്‍ ജാമി മാധ്യമങ്ങളോട് പറഞ്ഞു. 67 കാരനായ ടോമിനെ ചര്‍മ്മ സംബന്ധമായ അര്‍ബുദത്തെ തുടര്‍ന്നാണ് മുംബെയിലെ സെയ്ഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് കൂടുതല്‍ ഒന്നും കുടുംബം പുറത്തുവിട്ടിട്ടില്ല. അതേസമയം, ചികിത്സയോട് അദ്ദേഹം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും സാധ്യമായതില്‍ ഏറ്റവും മികച്ച പരിചരണമാണ് ആശുപത്രിയില്‍ ലഭ്യമാകുന്നതെന്നും മകന്‍ പറഞ്ഞു. ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നു പറഞ്ഞ ജാമി വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചുകൊള്ളാമെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ വംശജനായ ടോം ആള്‍ട്ടര്‍ ഉത്തരാഖണ്ഡിലാണ് തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചത്. ടെലിവിഷന്‍ പരിപാടികളിലൂടെ വന്ന ടോം നാടകങ്ങളിലൂടെ ആയിരുന്നു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗാന്ധി, ശത്‌രഞ്ച് കേ ഖിലാഡി, ക്രാന്തി, ആഷിഖി, പരീന്ദ തൂടങ്ങി നിരവധി സിനിമകളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2008 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top