special page

റോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി; സൈന്യത്തിന്റെ ക്രൂരത അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആങ് സാന്‍ സൂകിയോട് ഡെസ്മണ്ട് ടുട്ടു

ഫയല്‍ ചിത്രം

ജനീവ : റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി. സ്വന്തം രാജ്യത്ത് റോഹിങ്ക്യകള്‍ക്കെതിരെ അക്രമം അരങ്ങേറുമ്പോള്‍, അവരെ അവിടേയ്ക്ക് തന്നെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നടപടി അപലപനീയമാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.

മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്നത് വംശീയ തുടച്ചുനീക്കലാണെന്നും അദ്ദേഹം പറഞ്ഞു. റാഖിന്‍ സംസ്ഥാനത്തെ ക്രൂരമായ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ മ്യാന്മറിനോട് ആവശ്യപ്പെട്ടു.

അതിനിടെ മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൊബേല്‍ സമ്മാന ജേതാവായ ഡെയ്മണ്ട് ടുട്ടു, സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറുമായ ആങ് സാന്‍ സൂകിയോട് ആവശ്യപ്പെട്ടു. സൂകിയ്ക്ക് അയച്ച കത്തിലാണ് ടുട്ടു ഇക്കാര്യം ആവശ്യപ്പെട്ടത്.

സൂകിയ്ക്കൊപ്പം ഡെസ്മണ്ട് ടുട്ടു ( ഫയല്‍ ചിത്രം)

റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം ക്രൂരത തുടരുമ്പോള്‍ മൗനം പാലിക്കുന്നത് താങ്കള്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ച നല്‍കുമായിരിക്കും. എന്നാല്‍ ഈ നടപടികളുടെ ഫലം അതിഭയാനകമാകും. ഒരു രാജ്യത്ത് സമാധാനമില്ലെങ്കില്‍, അതിലെ ജനങ്ങള്‍ക്ക് സുരക്ഷയും അവകാശങ്ങളുമില്ലങ്കില്‍ അത് സ്വതന്ത്രമായ രാജ്യമായി പരിഗണിക്കാനാകില്ല. കാഴ്ചയിലും ആചാരത്തിലും എല്ലാം വ്യത്യസ്തരാണെങ്കിലും, എല്ലാവരും മനുഷ്യരാണെന്നും കത്തില്‍ ടുട്ടു ഓര്‍മ്മിപ്പിച്ചു.

മറ്റൊരു നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായും മ്യാന്മറിലെ കൂട്ടക്കുരുതികളില്‍ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. പിഞ്ചുകുട്ടികളെ അടക്കം നിഷ്ഠൂരം കൊലപ്പെടുത്തുന്നതും, വീടുകള്‍ക്ക് തീവെച്ച് നശിപ്പിക്കുന്നതുമെല്ലാം ഹൃദയഭേദകമാണെന്നും മലാല അഭിപ്രായപ്പെട്ടു.

അതേസമയം രോഹിങ്ക്യകളുടെ കൂട്ട പലായനം തടയാനായി അതിര്‍ത്തിയില്‍ മ്യാന്മര്‍ സൈന്യം കുഴിബോംബുകള്‍ സ്ഥാപിക്കുകയാണ്. കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ടു കാലുകളും തകര്‍ന്ന 15 കാരനായ കുട്ടി ബംഗ്ലാദേശില്‍ ചികില്‍സ തേടിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കുഴിബോംബ് സ്‌ഫോടനത്തില്‍ ഇതുവരെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനുംകൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയത്. മ്യാന്മറില്‍ പൗരത്വമോ, മറ്റ് അവകാശങ്ങളോ ഇല്ലാത്ത, ന്യൂനപക്ഷവിഭാഗമായ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് യുഎന്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ മേഖലയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ കോക്‌സിസ് ബസാറില്‍ 2000 ഏക്കര്‍ വനഭൂമി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റോഹിങ്ക്യകളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പതിനായിരം അഭയാര്‍ത്ഥികളെ കൂടാതെയാണ്, രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷം റോഹിങ്ക്യകള്‍ കൂടിയെത്തിയത്.

വിവേചനത്തിലും സൈനീക നടപടികളിലും പ്രതിഷേധിച്ച് രാഖിനില്‍ അരാക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി ആഗ്സ്റ്റ് 25 ന് രാജ്യത്തെ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും, 12 ഓളം സൈനികരെ വിധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടപടി ശക്തമാക്കിയത്. സൈന്യവും പൊലീസും രാഖിനിലെ റോഹിങ്ക്യകളുടെ വീടുകള്‍ തകര്‍ക്കുകയും, തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

മേഖലയില്‍ സമാധാനം നിലനിര്‍ത്തുക ലക്ഷ്യമിട്ട് അരാക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി ഒരു മാസത്തേക്ക് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്മര്‍ സൈന്യവും ആയുധം താഴെ വെച്ച് സമാധാനത്തിനായി മുന്നോട്ടുവരണമെന്ന് സാല്‍വേഷന്‍ ആര്‍മി ആവശ്യപ്പെട്ടു. എന്നാല്‍ സാല്‍വേഷന്‍ ആര്‍മിയുടെ നിര്‍ദേശം തള്ളിയ മ്യാന്മര്‍ സൈന്യം, റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി നിര്‍ത്തിവെയ്ക്കില്ലെന്ന് അറിയിച്ചു. തീവ്രവാദികളുമായി യാതൊരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മ്യാന്മര്‍ സര്‍ക്കാര്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരെല്ലാം തീവ്രവാദികളാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top