ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം; ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നേരിടും

സ്റ്റീവ് സ്മിത്ത്, ഗുര്‍കീരത് സിംഗ്

ചെന്നൈ : ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള പോരാട്ടത്തോടെയാണ് ഓസീസിന്റെ പര്യടനത്തിന് തുടക്കമാകുന്നത്. പഞ്ചാബ് താരം ഗുര്‍കിരാത് സിംഗാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നയിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും, രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കിയാണ് സ്റ്റീവന്‍ സ്മിത്തും സംഘവും ഇന്ത്യയിലെത്തിയിട്ടുള്ളത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളുമാണ് ഓസീസ് പര്യടനത്തില്‍ ഇന്ത്യയുമായി കളിക്കുക.

ആഭ്യന്തര തലത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച യുവതാരങ്ങള്‍ നിറഞ്ഞ പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ ക്യാപ്ടന്‍ ഗുര്‍കീരത് സിംഗ് മാത്രമാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള ഏകതാരം. 2016 ല്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളിലാണ് ഗുര്‍കീരത് കളിച്ചത്.

സെപ്തംബര്‍ 17 ന് ചെന്നൈയിലാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം. സെപ്തംബര്‍ 21, 24,28, ഒക്ടോബര്‍ 1 തീയതികളില്‍ ശേഷിക്കുന്ന ഏകദിന മല്‍സരങ്ങളും, ഒക്ടോബര്‍ 7,10,13 തീയതികളില്‍ ട്വന്റി-20 മല്‍സരങ്ങളും നടക്കും.

ബോര്‍ഡ് ഇലവന്‍ : ഗുര്‍കീരത് സിംഗ് ( ക്യാപ്ടന്‍), രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍, ശിവം ചൗധരി, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് റാണെ, ഗോവിന്ദ് പെഡ്ഡാര്‍, ശ്രീവത്സ് ഗോസ്വാമി, രാഹില്‍ ഷാ, അക്ഷയ് കര്‍ണേവാര്‍, കുല്‍വന്ത് ഖെജ്രോലിയ, കുഷാങ് പട്ടേല്‍, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ്മ

ഓസ്‌ട്രേലിയന്‍ ടീം : സ്റ്റീവന്‍ സ്മിത്ത് ( ക്യാപ്ടന്‍), ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മര്‍ക്കസ് സ്റ്റോയ്‌നിസ്, ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റ്, മാത്യു വെയ്ഡ്, ആഷ്ടണ്‍ ആഗര്‍, ആദം സാമ്പ, നേതന്‍ കൂള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ജെയിംസ് ഫോക്‌നര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top