സൈനിക നടപടി നിര്‍ത്തിവെയ്ക്കില്ല; റോഹിങ്ക്യകള്‍ക്കെതിരായ നടപടി തുടരുമെന്ന് മ്യാന്മര്‍ സൈന്യം

ഫയല്‍ ചിത്രം

മ്യാന്മര്‍ : റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ സൈനിക നടപടി നിര്‍ത്തിവെയ്ക്കില്ലെന്ന് മ്യാന്മര്‍ സൈന്യം. തീവ്രവാദികളുമായി യാതൊരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന്  മ്യാന്മര്‍ സര്‍ക്കാര്‍ വക്താവ് സോ ഹ്‌തേയ് പറഞ്ഞു. അരാക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാര്‍ വക്താവ്.

മേഖലയില്‍ സമാധാനം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് അരാക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഒരുമാസത്തേക്കാണ് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മ്യാന്മര്‍ സൈന്യവും ആയുധം താഴെ വെച്ച് സമാധാനത്തിനായി മുന്നോട്ടുവരണമെന്ന് സാല്‍വേഷന്‍ ആര്‍മി ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പാര്‍ക്കുന്ന മ്യാന്മറിലെ രാഖിന്‍ സംസ്ഥാനത്ത്, തീവ്രവാദികള്‍ക്കെതിരായ നടപടി എന്ന പേരില്‍ റോഹിങ്ക്യകള്‍ക്കെതിരെ കര്‍ശന നടപടിയാണ് സൈന്യം സ്വീകരിക്കുന്നത്. നിരവധി പേരെ വെടിവെച്ചു കൊന്നതായും, സ്ത്രികളെ ബലാല്‍സംഗം ചെയ്തതായും ആരോപണമുണ്ട്. അതേസമയം മരിച്ചവരെല്ലാം തീവ്രവാദികളാണെന്നാണ് സൈന്യം അവകാശപ്പെടുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരെ ലക്ഷ്യമിട്ട് മ്യാന്മര്‍ സൈന്യം അതിര്‍ത്തികളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.

വിവേചനത്തിലും സൈനീക നടപടികളിലും പ്രതിഷേധിച്ച് രാഖിനില്‍ അരാക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി ആഗ്സ്റ്റ് 25 ന് രാജ്യത്തെ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും, 12 ഓളം സൈനികരെ വിധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടപടി ശക്തമാക്കിയത്.
കഴിഞ്ഞദിവസം രാഖിനിലെ റോഹിങ്ക്യകളുടെ നിരവധി വീടുകള്‍ സൈന്യം അഗ്നിക്കിരയാക്കിയിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനുംകൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയത്. മ്യാന്മറില്‍ പൗരത്വമോ, മറ്റ് അവകാശങ്ങളോ ഇല്ലാത്ത, ന്യൂനപക്ഷവിഭാഗമായ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് യുഎന്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ നടപടി വംശഹത്യയാണെന്ന് ആരോപിച്ച യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ്, സൈനിക നടപടികളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. സൈനിക നടപടികളെ അപലപിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ സൈന്യം നിയന്ത്രണം പാലിക്കണമെന്നും, മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ മേഖലയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന നാളെ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ കോക്‌സിസ് ബസാറില്‍ 2000 ഏക്കര്‍ വനഭൂമി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റോഹിങ്ക്യകളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പതിനായിരം അഭയാര്‍ത്ഥികളെ കൂടാതെയാണ്, രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷം റോഹിങ്ക്യകള്‍ കൂടിയെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top