ഐഫോണ്‍ 8 ഉടന്‍; പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ ഇവയാണ്

ഐഫോണ്‍8 എന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം

മിക്കവാറും ഈയാഴ്ച്ചത്തന്നെ പുറത്തുവരുന്ന ഐഫോണ്‍8 ഏറെ പ്രതീക്ഷകളാണ് ടെക് ലോകത്തിന് നല്‍കുന്നത്. ഐഫോണ്‍ പത്തുവര്‍ഷം പിന്നിടുമ്പോള്‍ പുറത്തുവരുന്ന ഈ മോഡല്‍ ആപ്പിളിന്റെ അഭിമാന താരമാകുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഐ ഫോണിലൂടെ ലോകത്തെ ഞെട്ടിച്ച കമ്പനി മറ്റൊരു വിപ്ലവത്തിന് തുടക്കമിടുമോ എന്നും ടെക് ലോകം ഉറ്റുനോക്കുന്നു.

ഐഫോണ്‍ x എന്നോ 8 എന്നോ പ്രോ എന്നുമോ ആയിരിക്കും പുത്തന്‍ ഫോണിന്റെ പേര്. 5.5 ഇഞ്ച് സ്‌ക്രീനുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാകും ഫോണിനുണ്ടാവുക. എന്നാല്‍ ഏറ്റവും അതിശയിപ്പിക്കുന്ന ഒരു ഫീച്ചര്‍ ഫിംഗര്‍ പ്രിന്റിലുള്ള വിശ്വാസം ഉപേക്ഷിച്ചേക്കുമെന്നതാണ്. ഉപഭോക്താവിനെ തിരിച്ചറിയാന്‍ പൂര്‍ണമായും ക്യാമറയെ ഏല്‍പ്പിക്കുമെന്നാണ് ടെക് സ്‌പെഷ്യലിസ്റ്റുകളുടെ അഭിപ്രായം. ക്ഷിപ്രനേരത്തില്‍ ഉടമസ്ഥനെ ക്യാമറ തിരിച്ചറിയും. ഇത് എത്രത്തോളം പ്രായോഗികമാണെന്നും സുരക്ഷിതത്വം എന്തുമാത്രമുണ്ടാകുന്നുവെന്നും മറ്റും ചര്‍ച്ച നടക്കുന്നുവെങ്കിലും ആപ്പിള്‍ ക്യാമറയെ സുരക്ഷിതത്വം ഏല്‍പ്പിക്കുവാന്‍തന്നെയുള്ള പുറപ്പാടിലാണ്.

വയര്‍ലെസ്സ് ചാര്‍ജിംഗ് എന്ന മികച്ച ഫീച്ചര്‍ ഇത്തവണയെങ്കിലും ഐഫോണിലുണ്ടായേക്കും. പിന്നീടുള്ളതാണ് ക്യാമറയുടെ എആര്‍ കഴിവുകള്‍. ഇരട്ട ക്യാമറകള്‍ ചിത്രങ്ങളുടെ ഡെപ്ത് വര്‍ദ്ധിക്കും. അസൂസ് എആര്‍ എന്ന ഫോണിനെ കവച്ചുവെച്ച് ഐഫോണിന്റെ അത്ഭുതം ഇവിടെ കുറിക്കുവാനാണ് ആപ്പിളിന്റെ ശ്രമം.

ഹോം ബട്ടണ്‍ എടുത്തുകളയാനുള്ള സാധ്യതയുമുണ്ട്. 10 വര്‍ഷമായി ആപ്പിളിന്റെ ഉപഭോക്താക്കള്‍ പരിചയിച്ചുപോന്നതാണ് ഹോം ബട്ടണ്‍. ഇത് എടുത്തുമാറ്റുന്നതിലൂടെ ഐഫോണിന്റെ മുഖം തന്നെ മാറിയേക്കും. പകരമെത്തുന്നത് ഒരു പുത്തന്‍ സംവിധാനമാകും. പലവിധത്തിലുള്ള സ്പര്‍ശനം തിരിച്ചറിഞ്ഞ് പലവിധ ഫീച്ചറുകളിലേക്ക് പോകുവാന്‍ സഹായിക്കുന്ന ഒരു ഭാഗം, അതിനെ പഴയ ഹോം ബട്ടന്റെ വികസിത രൂപം എന്നുവിളിക്കാം.

ഏറ്റവും കൂടുതല്‍ വിലയുള്ള മോഡലാകുമിതെന്ന് ഉറപ്പിക്കാവുന്ന ഐഫോണ്‍8 കുറച്ച് എണ്ണമേ ഇറക്കൂ എന്നൊരു സംസാരവും കേള്‍ക്കാനുണ്ട്. എന്തായാലും ഐഫോണുകള്‍ പുറത്തുവരുന്നതുമായി ബന്ധപ്പെട്ട് സൈബറിടങ്ങളില്‍ നടക്കാറുള്ള പതിവുചര്‍ച്ചകള്‍ ഇത്തവണയും പൊടിപൊടിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top