യു എസ് ഓപ്പണ്‍ ടെന്നീസ് : സ്ലൊയേന്‍ സ്റ്റെഫാന്‍സ് വനിതാ ചാമ്പ്യന്‍; പുതുചരിത്രമെഴുതി യുഎസ് താരം

സ്ലൊയേന്‍ സ്റ്റെഫാന്‍സ് കിരീടവുമായി

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗില്‍സ് കിരീടം അമേരിക്കയുടെ സ്ലൊയേന്‍ സ്റ്റെഫാന്‍സിന്. നാട്ടുകാരിയായ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്ലോയേന്‍ കന്നി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-3, 6-0.

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎസ് ഓപ്പണ്‍ കിരീടത്തിനായി രണ്ട് അമേരിക്കക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. എന്നാല്‍ ഒരു മണിക്കൂര്‍ നീണ്ട മല്‍സരത്തില്‍ വലിയ ആയാസം കൂടാതെയാണ്, കളിക്കൂട്ടുകാരി കൂടിയായ മാഡിസണിനെ സ്ലോയേന്‍ തോല്‍പ്പിച്ചത്.


ഫൈനല്‍ മല്‍സരത്തില്‍ കെയ്‌സ് 30 ഓളം പിഴവുകളാണ് വരുത്തിയത്. അതേസമയം ആറു പിഴവുകള്‍ മാത്രം വരുത്തിയ സ്ലോയേന്‍ മികച്ച പ്രകടനത്തോടെ കന്നി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടു. ഇരുവരുടെയും ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ പോരാട്ടം കൂടിയായിരുന്നു ഇത്.

യുഎസ് ഓപ്പണിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സീഡില്ലാത്ത താരം കിരീടം നേടുന്നത്. നിലവില്‍ ലോകറാങ്കിംഗില്‍ 83 ആം സ്ഥാനത്താണ് 24 കാരിയായ സ്ലോയേന്‍ സ്‌റ്റെഫാന്‍സ്. 2001 ല്‍ ജെന്നിഫര്‍ കപ്രിയാറ്റിയ്ക്കുശേഷം ഒരു യുഎസ് താരത്തിന്റെ കന്നി ഗ്രാന്‍സ്ലാം കിരീട നേട്ടം കൂടിയാണിത്.

സെമിയില്‍ മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് സ്ലോയേന്‍ ഫൈനലില്‍ കടന്നത്. കൊകോ വാന്‍ഡവയെ പരാജയപ്പെടുത്തിയാണ് മാഡിസണ്‍ കെയ്‌സ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

ഇടതു കാല്‍പ്പാദത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് 11 മാസം ടെന്നീസില്‍ നിന്നും വിട്ടുനിന്ന സ്ലോയേന്‍ സ്‌റ്റെഫാന്‍സ് ജൂലൈയിലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top