ലിവര്‍പൂള്‍ തകര്‍ന്നടിഞ്ഞു; വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത്

ഇരട്ട ഗോള്‍ നേടിയ ലിറോയ് സാനെയുടെ ആഹ്ലാദം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ദയനീയ തോല്‍വി. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകര്‍ത്തത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് മുന്നേറ്റ നിരക്കാരന്‍ സാദിയോ മാനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ലിവര്‍പൂളിന്റെ കളിയുടെ താളം തെറ്റിയത്.

ആഴ്‌സണലിനെ നാലു ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ലിവര്‍പൂള്‍ മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ നിമിഷങ്ങളില്‍ ലിവര്‍പൂളായിരുന്നു കളി നിയന്ത്രിച്ചത്. എന്നാല്‍ കളിഗതിക്കെതിരായി സെര്‍ജിയോ അഗ്യൂറോ ഗോള്‍ നേടി. പ്രത്യാക്രമണത്തിനിടെ ലിവര്‍പൂള്‍ മുന്നേറ്റ നിരക്കാരന്‍ സാദിയോ മാനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്.

പന്തിനായുള്ള ശ്രമത്തിനിടെ മാനെയുടെ മുതുക് സിറ്റി ഗോളി എഡേഴ്‌സന്റെ മുഖത്തിടിക്കുകയായിരുന്നു. പരുക്കേറ്റ എഡേഴ്‌സണെ സ്‌ട്രെക്ചറിലാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്. മാനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്കും. എഡേഴ്‌സണ് പകരം, ക്‌ളോഡിയോ ബ്രാവോ സിറ്റി വല കാക്കാന്‍ ഇറങ്ങി.

സിറ്റിക്കുവേണ്ടി ഗബ്രിയേല്‍ ജീസസും പകരക്കാരനായെത്തിയ ലിറോയ് സാനെയും ഇരട്ടഗോള്‍ നേടി. സിറ്റിയുടെ ആദ്യ ഗോളടിച്ച അര്‍ജന്റീനക്കാരന്‍ സെര്‍ജിയോ അഗ്യൂറോ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡും കുറിച്ചു. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്പുകാരനല്ലാത്ത കളിക്കാരനെന്ന ബഹുമതിയാണ് അഗ്യൂറോ സ്വന്തമാക്കിയത്. 124 ഗോളാണ് അഗ്യൂറോയുടെ ആകെ ഗോള്‍ നേട്ടം.

വിജയത്തോടെ നാല് കളിയില്‍ 10 പോയിന്റ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തി. മറ്റ് മത്സരങ്ങളില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ആഴ്‌സണല്‍ 3-0 ന് ബോണിമൗത്തിനെ തകര്‍ത്തു. ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത മൂന്നു ഗോളിന് എവര്‍ട്ടണിനെയും കീഴടക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top