ഡെല്‍പെട്രോ നമിച്ചു; റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാല്‍

ന്യൂയോര്‍ക്ക് : മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. റോജര്‍ ഫെഡററെ കീഴടക്കി എത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെയാണ് സെമിയില്‍ നദാല്‍ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ പതറിയ ശേഷമായിരുന്നു ലോക ഒന്നാം നമ്പര്‍ താരമായ നദാലിന്റെ തകര്‍പ്പന്‍ വിജയം.

ഡെല്‍പെട്രോയ്‌ക്കെതിരെ ആദ്യ സെറ്റ് 4-6 എന്ന നിലയില്‍ നദാല്‍ അടിയറ വെച്ചു. എന്നാല്‍ തൊട്ടടുത്ത സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ നദാല്‍, രണ്ടാം സെറ്റ് 6-0 ന് സ്വന്തമാക്കി. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത നദാല്‍ തുടര്‍ന്ന് മൂന്നും നാലും സെറ്റുകള്‍ വിജയിച്ച് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. സ്‌കോര്‍ 4-6,6-0,6-3, 6-2

2010 ലും 2013 ലും യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് 31 കാരനായ നദാല്‍. ഫൈനലിലെത്തിയതോടെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് നദാല്‍. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ വിജയിച്ചാല്‍ 16 ഗ്രാന്‍സ്ലാം കിരീടനേട്ടമെന്ന ബഹുമതിയും നദാലിന് സ്വന്തമാക്കാം.

ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടം നദാല്‍ സ്വന്തമാക്കിയിരുന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. യു എസ് ഓപ്പണ്‍ കൂടി നേടിയാല്‍ നദാല്‍, ഈ സീസണില്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടനേട്ടമാകും.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് റാഫേല്‍ നദാലിന്റെ എതിരാളി. 31 കാരനായ ആന്‍ഡേഴ്‌സന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 1973ന് ശേഷം പുരുഷ വിഭാഗം ഫൈനലില്‍ എത്തുന്ന താഴ്ന്ന റാങ്കുകാരന്‍ കൂടിയാണ് 32 ആം റാങ്കുകാരനായ ആന്‍ഡേഴ്‌സണ്‍. യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായ ആന്‍ഡേഴ്‌സണ്‍ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം തേടിയാണ് കളത്തിലിറങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top