മെക്‌സിക്കോയില്‍ ഭൂചലനത്തില്‍ 61 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാഃചരണം

ഭൂചനത്തില്‍ തകര്‍ന്ന കെട്ടിടം

മെക്‌സിക്കോ: മെക്‌സിക്കോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 61 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ വന്‍നാശനഷ്ടം നേരിട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പെന നീറ്റോ അറിയിച്ചു.  മേഖലയില്‍ ഒരു നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിത്.

തെക്കന്‍ മെക്‌സിക്കന്‍ തീരമായ ടൊണാലയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒക്‌സാക്ക, ചിയാപ്പാസ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ഒക്‌സാക്കയിലാണ്. 45 ആളുകള്‍ ഇവിടെ മരണപ്പെട്ടു.

ഒരു മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് പ്രസിഡന്റ് പെന നീറ്റോ രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാഃചരണം പ്രഖ്യാപിച്ചു.നാശനഷ്ടമണ്ടായ സ്ഥലങ്ങളില്‍ ജല-ഭക്ഷ്യ വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും, ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്ത സ്ഥലം പ്രസിഡന്റ് പെന നീറ്റോ സന്ദര്‍ശിക്കുന്നു

അതേസമയം തകര്‍ന്ന കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് മരണസംഖ്യ ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന. കൂടാതെ തുടര്‍ച്ചയായി പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 1985 ല്‍ ആയിരങ്ങളുടെ ജീവനെടുത്ത ഭൂചലനത്തിനുശേഷം ഇതാദ്യമായാണ് മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനമുണ്ടാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top