അമേരിക്ക സന്ദര്‍ശിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ട്രംപിന്റെ ക്ഷണം

സൗദി: അമേരിക്ക സന്ദര്‍ശിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ക്ഷണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സല്‍മാന്‍ രാജാവിനെ ക്ഷണിച്ചത്. രാജാവ് ക്ഷണം സ്വീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞദിവസം സല്‍മാന്‍ രാജാവും ഡൊണാള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ടെലിഫോണ്‍ സംഭാഷത്തിനിടെയാണ് അമേരിക്ക സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവിനെ പ്രസിഡന്റ് ഔദ്യോഗികമായി ക്ഷണിച്ചത്. ഉഭയകക്ഷിബന്ധം, ഗള്‍ഫ് മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍, ആഗോള രംഗത്തെ പുതിയ സംഭവവികാസങ്ങള്‍ എന്നിവ ഇരു നേതാക്കളും വിശകലനം ചെയ്തു. അടുത്ത വര്‍ഷം ആദ്യം രാജാവ് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം ആദ്യ വിദേശ സന്ദര്‍ശനം ട്രംപ് നടത്തിയത് സൗദിയിലേക്കാണ്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് ട്രംപുമായി നേരത്തെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, സല്‍മാന്‍ രാജാവ് അടുത്ത മാസം റഷ്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ഡ്മിര്‍ പുട്ടിന്റെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് യൂറി ഒഷാകോവ് പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രസ് സെക്രട്ടറി ദിമിത്രി ബെസ്‌കോവും സ്ഥിരീകരിച്ചു. എന്നാല്‍ സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശന തീയതി വെളിപ്പെടുത്തിയില്ല. റഷ്യ-സൗദി സാമ്പത്തിക സഹകരണം ശക്തമാക്കും. സിറിയയും യമനും ഉള്‍പ്പെടെ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് മുഖ്യ പരിഗണന നല്‍കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top