special page

പരിശീലനത്തിനായ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സ്‌പെയിനിലേക്ക്

കൊച്ചി: പരിശീലത്തിനായി കേരള ബാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറക്കും. രണ്ടു തവണ ഫൈനലില്‍ നഷ്ടപ്പെടുത്തിയ കിരീടം ഇക്കുറി വിട്ടുകളയാന്‍ ബ്ലാസ്റ്റേഴ്‌സിനാകില്ല, പുതിയ സീസണില്‍ ഒരുപിടി വമ്പന്‍ താരങ്ങളെ കൂടാരത്തിലെത്തിച്ച ടീം മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യഘട്ട പരിശീലനത്തിനുശേഷം തയ്യാറെടുപ്പുകള്‍ക്കായി ടീം സ്‌പെയിനിലേക്ക് പോകുമെന്ന് സഹയുടമകളില്‍ ഒരാളായ നിമ്മഗദ്ദ പ്രസാദ് വെളിപ്പെടുത്തി. കഴിഞ്ഞ സീസണില്‍ തായ്‌ലാന്‍ഡിലായിരുന്നു ടീം പരിശീലന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഭാവിയില്‍ സ്വന്തമായൊരു സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

പരിശീലകസ്ഥാനം തൊട്ട് അടിമുടി മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കളത്തില്‍ ഇറങ്ങുക. സി കെ വിനീതും സന്ദേശ് ജിങ്കനും ഉള്‍പ്പെടെ വളരെക്കുറച്ച് താരങ്ങളെ മാത്രമാണ് ടീം നിലനിര്‍ത്തിയത്. മുന്‍ മാഞ്ചസ്റ്റര്‍ യൂത്ത് ടീം പരിശീലകന്‍ റെനെ മൊളസ്റ്റീനെ കൂടാരത്തിലേക്കെത്തിച്ചതായിരുന്നു പ്രധാനമാറ്റം. വെയ്ന്‍ റൂണിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രസാദ് പറഞ്ഞു. അണ്ടര്‍ ട്വന്റി താരമായ അജിത് ശിവന്‍ മികച്ച ഫോമിലാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

നിമ്മഗദ്ദ പ്രസാദ്

‘ജയിച്ചാലും തോറ്റാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന ബാനറുയര്‍ത്തി പിന്തുണയേകുന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനുണ്ട്. അവര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചു വരികയാണെന്നും ബിസിനസ് പ്രമുഖന്‍ കൂടിയായ പ്രസാദ് പറഞ്ഞു.  എന്നാല്‍ സാമ്പത്തിക ലാഭം ഉണ്ടാകണമെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം കൂടി വേണം. ആദ്യ മൂന്ന് സീസണുകളിലുമായി 80 കോടി രൂപയാണ് നഷ്ടം, അത് സ്വാഭാവികമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമെ ഇന്ത്യന്‍ കായികരംഗത്ത് ലാഭം പ്രതീക്ഷിച്ചിട്ട് കാര്യമുള്ളൂ. സാമ്പത്തിക ലാഭത്തെക്കാളുപരി സാമുഹിക ശാക്തീകരണവും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും സി കെ വിനീതും സന്ദേശ് ശിങ്കനും അജിത് ശിവാനും ഉള്‍പ്പെടുന്ന ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് കൂട്ടായി ആരാധകരുടെ സ്വന്തം ഹ്യൂമേട്ടനും, വമ്പന്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും ചേരുന്നതോടെ ആരാധകര്‍ക്കൊപ്പം മാനേജ്‌മെന്റും തികഞ്ഞ പ്രതീക്ഷയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top