ഗൗരി ലങ്കേഷ് വധം: നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ഗൗരി ലങ്കേഷ്

ബംഗ്ലൂരു: ബംഗ്ലൂരുവിലെ വസതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച കേസ് തെളിയിക്കുന്നതിനാവശ്യമായ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വസതിയില്‍നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ രേഖചിത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

കഴിഞ്ഞ ദിവസം ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗ്ലൂരുവിലേയ്ക്ക് പുറപ്പെടും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ.   കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top