ജൈവവൈവിധ്യമൊരുക്കി കേരള കാര്‍ഷിക സര്‍വ്വകലാശാല; കോളേജില്‍ കണ്ടെത്തിയത് 172 ഇനം പക്ഷികളെ

കേരള കാര്‍ഷിക സര്‍വ്വകലാശാല

തൃശ്ശൂര്‍: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷികളുടെ കാഴ്ചയൊരുക്കി വ്യത്യസ്തമാകുകയാണ് വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വ്വകലാശാല. സംസ്ഥാനത്തെ 509 ഇനങ്ങളില്‍ കാല്‍ഭാഗത്തോളം പക്ഷികളെ ഇവിടെ കാണാനാകും. നാലു വര്‍ഷം നീണ്ട സര്‍വ്വെക്കൊടുവിലാണ് പുതിയ കണ്ടെത്തല്‍.

കേരളത്തിലെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ ഒന്നാണ് വെള്ളാനിക്കരയിലെ കാര്‍ഷിക കോളേജ്. 391 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക കോളേജില്‍ മനോഹരമായ പൂന്തോട്ടവും,തോട്ടവിളകളും, പഴത്തോട്ടങ്ങളും ഉണ്ട്. 2011-14 കാലഘട്ടത്തില്‍ ഫോറസ്ട്രി സയന്‍സിലെ വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരുമാണ് സര്‍വ്വെ നടത്തിയത്. എല്ലാദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമായി രണ്ട് മണിക്കൂറാണ് പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. ജേര്‍ണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്‌സയില്‍ ആഗസ്ത് 26നാണ് ഫലം പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട് അനുസരിച്ച് 172 ഇനങ്ങളില്‍പ്പെട്ട പക്ഷികളെയാണ് കോളേജില്‍ കണ്ടെത്തിയത്. അപൂര്‍വ്വ വര്‍ഗ്ഗത്തില്‍പ്പെട്ട തീപ്പൊരിക്കണ്ണന്‍, ചേരക്കോഴി, നീര്‍ക്കാട തുടങ്ങിയവയും, സഹ്യപര്‍വ്വതനിരകളില്‍ മാത്രം കണ്ടുവരുന്ന കോഴിവേഴാമ്പല്‍( ചരടന്‍കോഴി), ചെറുതേന്‍കിളിയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി പതിനൊന്നോളം ഇനത്തില്‍പ്പെട്ട പക്ഷികളെ ക്യാമ്പസില്‍ സംരക്ഷിച്ച് വരുന്നുണ്ട്.

പീച്ചി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്‍ഷിക സര്‍വ്വകലാശാല സ്ഥിതിചെയ്യുന്നത്. ഒരു പക്ഷെ പക്ഷികളെത്താന്‍ കാരണം അതായിരിക്കുമെന്ന്‌സര്‍വ്വയ്ക്ക് നേതൃത്വം നല്‍കിയ കോളേജ് വനം-വന്യജീവി വകുപ്പ് മേധാവി പ്രൊഫസര്‍ നമീര്‍ പി.ഒ പറഞ്ഞു. കോളേജിലെ തോട്ടങ്ങളും മരങ്ങളും ഇത്തരത്തില്‍ പക്ഷികളെത്താന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top