“ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ കൊലപാതകം കൊണ്ടല്ല”, ഗൗരി ലങ്കേഷിന്റെ പിതാവിനോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി

ഗൗരി ലങ്കേഷ്, ശ്രീകുമാരന്‍ തമ്പി

ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ഗൗരി ലങ്കേഷിന്റെ പിതാവായ ലങ്കേഷുമൊത്തുള്ള ഓര്‍മകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമയും ലങ്കേഷ് സംവിഘാനം ചെയ്ത കന്നഡ ചിത്രവും ദേശീയ അവാര്‍ഡിനായി പരിഗണിച്ചതും രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഇരു ചിത്രങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചതും അദ്ദേഹം ഓര്‍ത്തെടുത്തു. കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി എന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

പ്രശസ്തപത്രപ്രവർത്തകയുംഎഴുത്തുകാരിയും പുരോഗമനവാദിയും സ്ത്രീ സ്വയം സ്വതന്ത്രയാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭാശാലിനിയുമായ ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണ് . ചലച്ചിത്ര സംവിധായകർ എന്ന നിലയിൽ ഞാനും ലങ്കേഷും പരിചയക്കാരായിരുന്നു, 1976 ലാണ് ഞാൻ മോഹിനിയാട്ടവും ലങ്കേഷ് പല്ലവി എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തത് . ദേശീയ പുരസ്‌കാര മത്സരത്തിൽ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം പല്ലവിക്കും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മോഹിനിയാട്ടത്തിനും ലഭിച്ചു. ഗൗരി ലങ്കേഷ്‌ ലങ്കേഷിന്റെ മൂത്ത മകളാണ്.

ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് 
കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല . കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….?.
“കേഴുക പ്രിയ നാടേ ….”എന്നല്ലാതെ മറ്റെന്തു പറയാൻ ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top