“പോരുന്നോ ഞങ്ങടെകൂടെ?”, മെസ്സിയെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണിച്ച് മഞ്ഞപ്പട

ബ്യൂണസ് ഐറിസില്‍ ഉയര്‍ന്നുകണ്ട ബാനറുകളിലൊന്ന്, മെസ്സി

ബ്യൂണസ് ഐറിസ്: സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല, അതുകൊണ്ട് ആഗ്രഹിക്കുമ്പോള്‍ ഏറ്റവും മികച്ചത് ആഗ്രഹിക്കണം. എല്ലാം മനസിലാക്കിത്തന്നെ മഞ്ഞപ്പടയെന്ന ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമായ ആരാധകക്കൂട്ടം മനസിലുണ്ടായ സ്വപ്‌നം തുറന്നുപറഞ്ഞു- മെസ്സി കളിക്കണം, മഞ്ഞ ജഴ്‌സിയില്‍ ബ്ലാസ്റ്റേഴ്‌സിനായി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനിടെയാണ് മെസ്സിയ ക്ഷണിച്ചുകൊണ്ടുള്ള ബാനറുകള്‍ പ്രത്യക്ഷമായത്. ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തിലാണ് ആരാധകരുടെ ഈ തകര്‍പ്പന്‍ ക്ഷണം. തീര്‍ച്ചയായും ഇത് മെസ്സിയുടേയും കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ടാവണം. ലോകത്തെ ഏറ്റവും മികച്ച താരത്തെ കൊത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഈ മഞ്ഞപ്പടയാരെടാ എന്നമട്ടില്‍ ക്യാമറക്കണ്ണുകളും ബാനറുകള്‍ക്കുനേരെ തിരിഞ്ഞു.

കോച്ച് റെനെ മൊളന്‍സ്റ്റീനെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചത് അദ്ദേഹത്തെ വിസ്മയിപ്പിച്ചിരുന്നു. ഇയാന്‍ ഹ്യൂമിനെ കാനഡയിലുളള മലയാളികളും ചെന്ന് കാണുകയും വിവിധ പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തിന് സാക്ഷിയാവുകയാണ് ഇതിഹാസ താരം മെസ്സിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top