“ഇവിടെ സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പക്ഷേ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞാല്‍ സ്വാതന്ത്ര്യം ലഭിക്കുമോ എന്നറിയില്ല”, ഇര്‍ഫാന്‍ ഖാന്‍

ഇര്‍ഫാന്‍ ഖാന്‍

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഫാസിസ്റ്റ് ശക്തികളെ വിമര്‍ശിച്ച് ഇര്‍ഫാന്‍ ഖാന്‍. ഇവിടെ സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ പറയാനുള്ളത് പറഞ്ഞതിനുശേഷം ഈ സ്വാതന്ത്ര്യം ലഭിക്കുമോയെന്ന് അറിയില്ലെന്നും ഇര്‍ഫാന്‍ കുറിച്ചു. ഈദി അമനെ നിങ്ങള്‍ അറിയുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

കന്നഡ മാഗസിനായ ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതര്‍ കഴുത്തിലും നെഞ്ചിലുമായി മൂന്ന് തവണയാണ് വെടിവെച്ചത്. ബംഗളുരു രാജരാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top