“മതംമാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഒരു ഇടത് തള്ളയായിരുന്നു, ആരോ വെടിവച്ച് കൊന്നു”, സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതെ പാര്‍ട്ടി അണികളുടെ ദു:ഖം വഴിഞ്ഞൊഴുകിയത് ഇങ്ങനെ

ഗൗരി ലങ്കേഷിനെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത പലരിലും പല രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാക്കിയത്. ഏകദേശം പ്രതികരണം അറിയിച്ചവരെല്ലാം കൊലപാതകത്തെ അപലപിച്ചു. സമാനമായ രീതിയില്‍ നേരത്തെ പലരും കൊല്ലപ്പെട്ടത് ചിലര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ ഗാന്ധി വധം മുതലുള്ള കാര്യങ്ങളുമായി ഗൗരിയുടെ കൊലപാതകത്തെ ബന്ധിപ്പിച്ചു.

സോഷ്യല്‍ മീഡിയ സങ്കടക്കടലായ കാഴ്ച്ചയാണ് ഇന്നലെ വൈകിട്ടുമുതല്‍ കാണാന്‍ സാധിച്ചത്. വിവിധ പാര്‍ട്ടികളുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ പ്രതികരണത്തിലും ദു:ഖം നിറഞ്ഞുനിന്നു. അണികളും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മതംമാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഒരു ഇടത് തള്ളയായിരുന്നു, ആരോ വെടിവച്ച് കൊന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ ബിജെപി ശബ്ദമായ ലക്ഷ്മി കാനത്ത് കുറിച്ചു.

ദുഖം പങ്കുവയ്ക്കുന്നതിനിടയില്‍ ബിജെപിയുടെ ബൗദ്ധിക തലവന്‍ ടിജി മോഹന്‍ദാസ് ഒരു സംശയമുന്നയിച്ചു, “സത്യം പറയണം, മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍” എന്നാണ് അദ്ദേഹം ചോദിച്ചത്. എന്തിനാണ് ഈ ചോദ്യമുന്നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. നാട്ടുകാരുടെ കാര്യം പോട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ജയ് ഭവാനി, ജയ് ശിവജി, ജയ് ഹിന്ദുരാഷ്ട്ര എന്നുപറഞ്ഞുവരെ ചിലര്‍ അഭിപ്രായം വ്യക്തമാക്കി. ഏതാനും അണികളുടെ പ്രതികരണങ്ങള്‍ താഴെ വായിക്കാം.

മുന്‍ സീന്യൂസ് ജേണലിസ്റ്റ് ജാഗ്രതി ശുക്ല തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് ഇങ്ങനെ.

ഗൗരി ലങ്കേഷിന്റെ പ്രവൃത്തിതന്നെയാണ് ഇത്തരത്തില്‍ ഒരവസ്ഥ ക്ഷണിച്ചുവരുത്തിയതെന്നും ബ്ലഡി റെവലൂഷനില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും അവര്‍ പരിഹസിച്ചു. നിങ്ങള്‍ക്ക് ഇതിന്റെ അവസാനം എന്താണ് തോന്നുന്നതെന്നും അവര്‍ കുറിച്ചു. നക്‌സല്‍ അനുകൂലിയായ ഗൗരി എന്നാണ് ഗൗരി ലങ്കേഷിനുള്ള വിശേഷണം. ഇപ്പോള്‍ മനുഷ്യത്വവും പൊക്കിപ്പിടിച്ച് വരുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എന്തെടുക്കുകയായിരുന്നുവെന്നും ചോദിച്ചു.

അതിനിടെ സിദ്ധരാമയ്യയെ തുറന്നുകാട്ടാന്‍ അവര്‍ ഒരുങ്ങുകയായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറിനെ തുറന്നുകാട്ടിയിരുന്ന ഗൗരിയെ കൊന്നുകളഞ്ഞത് ആരാണെന്ന് ചിലര്‍ മുന്‍വിധികള്‍ നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തി. എന്നാല്‍ സംഗതി എങ്ങനെ നടന്നുവെന്ന് യാതൊന്നും മനസിലായിട്ടില്ലെന്നും ചിലര്‍ കുറിക്കുന്നു. നക്‌സല്‍ അനുഭാവിയെന്ന് പറഞ്ഞ് വാര്‍ത്ത പങ്കുവയ്ക്കുന്നവരും കുറവല്ല.

ഓമര്‍ ഖാലിദും കന്നയ്യ കുമാറും ജീവിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക മാഗസിന്‍ എഡിറ്ററാണ്.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top