ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയായ് ഹര്‍ഷവര്‍ദ്ധന്‍ എത്തുന്നു

അഭിനവ് ബിന്ദ്രയോടൊപ്പമുള്ള ചിത്രം ഹര്‍ഷവര്‍ദ്ധന്‍ ടിറ്റ്വറില്‍ പങ്കുവെച്ചപ്പോള്‍

ദില്ലി: ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തില്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ നായകനാകുന്നു. ടിറ്റ്വറിലൂടെ താരം തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

വിക്രമാദിത്യ മോട്വാനെയുടെ ‘ഭവേശ് ജോഷി’യുടെ ലൊക്കേഷനില്‍ വച്ചാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരം താരം പുറത്തുവിട്ടത്. ”തുടക്കം വളരെ പ്രത്യേകതയുള്ളതായിരുന്നു. പ്രത്യേകിച്ച് ലോകപ്രശസ്തിയാര്‍ജിച്ച ഒരു കഥാപാത്രം ചെയ്യുമ്പോള്‍. അദ്ദഹത്തിന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ആകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, കഠിനാധ്വാനവും ഒരു കഴിവാണ്” അഭിനവ് ബിന്ദ്രയോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഹര്‍ഷവര്‍ദ്ധന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനാണ് ഹര്‍ഷവര്‍ദ്ദന്‍ കപൂര്‍. രാകേഷ് ഓംപ്രകാശ് മെഹറയുടെ മിര്‍സ്യയിലൂടെ നായക വേഷത്തിലെത്തിയ ഹര്‍ഷവര്‍ദ്ദന്‍ അനുരാഗ് കശ്യപിന്റെ ബോംബെ വെല്‍വെറ്റിലൂടെ സഹ-സംവിധായകനായാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ഒരേസമയം ലോകജേതാവും ഒളിമ്പിക് ജേതാവുമായ ഇന്ത്യയിലെ ഒരേയൊരു താരമാണ് അഭിനവ് ബിന്ദ്ര. 2006 ലെ ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ബിന്ദ്ര 2008ലെ ബീജീങ്ങ് ഒളിമ്പിക്‌സിലും സ്വര്‍ണം കരസ്ഥമാക്കി.

അതേസമയം ബോളിവുഡിന്റെ അണിയറയില്‍ ജീവചരിത്ര സിനിമകളുടെ നീണ്ട നിരതന്നെ ഒരുങ്ങുന്നുണ്ട്. ശ്രദ്ധ കപൂറിനെ നായികയാക്കി ഹസീന പാര്‍ക്കറുടെയും സൈന നെഹര്‍വാളിന്റെയും സിനിമകള്‍, രണ്‍ബീര്‍ കപൂറിനെ നായകനാക്കി സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം, അര്‍ജുന്‍ രാംപാലിന്റെ ‘ഡാഡി’ എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top