അന്ധരായ മൂന്ന് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ബ്രിട്ടീഷ് പൗരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

ദില്ലി : പ്രായപൂര്‍ത്തിയാകാത്ത അന്ധരായ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 54 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ ദില്ലിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. മുറെ ഡെനിസ് വാഡിനെയാണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. വേറെ കുട്ടികള്‍ ആരെങ്കിലും പീഡനത്തിനു വിധേയരായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പൊലിസ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ 14 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവരാണെന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു. പോക്സോ ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച കോടതിക്കു മുന്‍പാകെ ഹാജരാക്കിയ വാഡിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വാഡിനെ അറസ്റ്റു ചെയ്ത വിവരം ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടികള്‍ക്ക് ബുക്കുകളും മറ്റും സംഭാവന ചെയ്യാനെന്ന പേരില്‍ പത്ത് മാസങ്ങള്‍ മുന്‍പാണ് വാഡ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചത്. ശനിയാഴ്ച സ്‌കൂളില്‍ എത്തിയ വാഡ് മൂന്നു മണിക്കൂറോളം സ്‌കൂളില്‍ ചിലവഴിച്ചിരുന്നു. ഇതിനിടയ്ക്ക് കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രണ്ടുമണിക്ക് സ്‌കൂള്‍ അധികൃതര്‍ വാഡിനെ ഹോസ്റ്റലില്‍ ഏതാനും കുട്ടികളോടൊപ്പം കാണുകയും ഉടന്‍ തന്നെ അവിടെ നിന്നും പോകാനും ആവശ്യപ്പെട്ടു. അതിനുശേഷമാണ് കുട്ടികള്‍ പീഡന വിവരം അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ മാനേജ്‌മെന്റിനെ വിവരമറിയിച്ചു. ഞാറാഴ്ച രാവിലെ മാനേജ്‌മെന്റ് പ്രതിനിധി എത്തുകയും കുട്ടികളോട് വിവരങ്ങള്‍ അന്വേഷിച്ച് പൊലീസിനെ അറിയിക്കുകും ചെയ്തു.

കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി ഡിസിപി ഈശ്വര്‍ സിങ് പറഞ്ഞു. കൂടാതെ വാഡിന്റെ മൊബൈല്‍ഫോണും, ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തതായും പറഞ്ഞു. വിദഗ്ധരുടെ കൗണ്‍സില്‍ നല്‍കിയതിനുശേഷമായിരിക്കും കുട്ടികളില്‍ നിന്നും മൊഴിയെടുക്കുക. കുട്ടികളുടെ ആഭിമാനത്തിനും, സുരക്ഷയ്ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് സ്‌കൂള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

സ്‌കൂള്‍ പലരില്‍നിന്നും സാമ്പത്തികമായും, അതുപോലെ മറ്റു സഹായങ്ങളും സ്വീകരിക്കാറുണ്ട്. അതില്‍ ഒരാളാണ് വാഡും. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വാഗ്ദാനവുമായാണ് ഇയാള്‍ സ്‌കൂളില്‍ എത്തിയത്. എല്ലാ മാസവും ഇയാള്‍ സ്‌കൂളില്‍ എത്താറുണ്ടെന്നും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നല്ല പെരുമാറ്റമായതിനാല്‍ വാഡിനെ എല്ലാവര്‍ക്കും നല്ല വിശ്വാസമായിരുന്നെന്നും അധികൃതര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top