അഞ്ചാം ഏകദിനം ഇന്ന്; ലങ്കയ്‌ക്കെതിരെ സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യന്‍ ടീം പരിശീലനത്തില്‍

കൊളംബോ : ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ലങ്കയ്‌ക്കെതിരെ സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങും. അതേസമയം ഒരു മല്‍സരമെങ്കിലും വിജയിച്ച് നാണക്കേട് കുറയ്ക്കാനാണ് ലങ്കയുടെ ശ്രമം. നാല് കളിയും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. കൊളംബോ പ്രേമദാസെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മല്‍സരം.

നാലു മല്‍സരങ്ങളിലും മികച്ച വിജയം നേടിയാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ പരമ്പരയിലെ അഞ്ചാം അങ്കത്തിനിറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിക്കില്ല. അസുഖബാധിതയായ അമ്മയെ കാണാനായി ധവാന്‍ ഇന്ത്യയിലേക്ക് തിരിച്ചു. ധവാന് പകരം ഇതുവരെ അവസരം ലഭിക്കാതിരുന്ന അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിക്കും.

മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഇന്നും കളിച്ചേക്കും. ഇതുവരെ മികച്ച ഇന്നിംഗ്‌സ് നേടാന്‍ കഴിയാതിരുന്ന കെ എല്‍ രാഹുലും അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും. ഇന്ന് മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ രാഹുലിന് ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്താനാകൂ.

അതേസമയം നന്നായി പൊരുതി എന്നു പറയാന്‍ പോലുമാകാതെയാണ് ലങ്ക പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുന്നത്. രണ്ടാം ഏകദിനത്തില്‍ ഒരുഘട്ടത്തില്‍ ലങ്ക വിജയത്തിന് അടുത്തെത്തി എന്നതുമാത്രമാണ് ഏക ആശ്വാസം. കുറഞ്ഞ ഓവര്‍നിരക്കിന് രണ്ടു മല്‍സരങ്ങളില്‍ വിലക്ക് നേരിട്ട ക്യാപ്റ്റന്‍ ഉപുല്‍ തരംഗ ഇന്ന് ടീമില്‍ തിരിച്ചെത്തും. ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകെ ഫിറ്റ്‌നസ് തെളിയിക്കാനാകാത്തതിനാല്‍ ഇന്ന് കളിക്കില്ല. പകരം ലാഹിരു തിരിമണ്ണെ ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. നായകന്‍ ഉപുല്‍ തരംഗ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങും.

ആത്മവിശ്വാസം തീരെ ഇല്ലാതെയാണ് ലങ്ക കളിക്കുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് പറഞ്ഞു. 2014 നവംബറില്‍ ഇരുസംഘവും അവസാനമായി ഏകദിന പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ 5-0നാണ് ജേതാക്കളായത്. അത്തരമൊരു ജയത്തിനരികിലാണ് ഇന്ത്യന്‍ ടീം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top