വിഷം കഴിച്ച പെണ്‍കുട്ടി മരിച്ചു; അവയവദാനത്തിലൂടെ രക്ഷിച്ചത് രണ്ട് ജീവനുകള്‍

പ്രതീകാത്മക ചിത്രം

ദില്ലി: ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയിലൂടെ രണ്ട് പേര്‍ക്ക് ലഭിച്ചത് പുതുജീവന്‍. വൃക്കസംബന്ധമായി ചികിത്സയില്‍ കഴിയുന്ന രണ്ട് പേരാണ് പത്തൊമ്പതുകാരിയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. കഴിഞ്ഞ ചൊവ്വാഴ്ചാണ് ദില്ലി സ്വദേശി ശകുന്തളയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് കീടനാശിനി കഴിക്കുകയായിരുന്നു, തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ശകുന്തള.

വിഷം കഴിച്ച് മരിച്ചയാളില്‍ നിന്നും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായ് നടന്നത് ലോകത്തില്‍ തന്നെ ആദ്യമാണെന്ന് സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ പ്രൊഫസറും നാഡീരോഗ വിദഗ്ധനുമായ ഡോ അനൂപ് കുമാര്‍ പറഞ്ഞു. അവയവ ദാനത്തിനായ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ആശുപത്രി അധികൃതര്‍ സമീപിക്കുകയായിരുന്നു. വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും, വീട്ടുകാര്‍ ഇപ്പോഴും ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ലെന്നു ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുപ്പത്തൊമ്പതുകാരിയാണ് വൃക്ക സ്വീകരിച്ചവരില്‍ ഒരാള്‍. സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ വച്ച്് ശസ്ത്രക്രിയ വിജയകരമായ് നടന്നു. ” മൂന്ന് വര്‍ഷം മുമ്പ് വൃക്ക തകരാറായ ഇവര്‍ക്ക് അവയവം മാറ്റിവെക്കാതെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലായിരുന്നു,’ ശകുന്തള അവരുടെ ജീവിതത്തിനു പുതുവെളിച്ചമാണ് നല്‍കിയതെന്ന് കുമാര്‍ പറഞ്ഞു.

റാം മനോഹര്‍ ആശുപത്രിയില്‍ വച്ചാണ് രണ്ടാമത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മകളുടെ വേര്‍പാടു വരുത്തിയ ഞെട്ടല്‍ പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും മകളിലൂടെ രണ്ടുപേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതോര്‍ത്ത് അഭിമാനമുണ്ടന്ന് ശകുന്തളയുടെ അച്ഛന്‍ പറഞ്ഞു. അവളെന്നും ക്ലാസ്സില്‍ ഒന്നാമതായിരുന്നു. മകളെ ഓര്‍ത്ത് അഭിമാനിക്കുന്ന ഒരു ദിവസം വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു, പക്ഷെ അതിനിടയിലാണ്് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത്. വൃക്ക മാറ്റിവെക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ പൊലീസ് സഹായിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് അവയവദാനം ആവശ്യമായ് വരുന്നത്. എന്നാല്‍ 10% പേര്‍ക്ക് പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ ബന്ധുക്കളില്‍ കുറച്ച് പേര്‍ മാത്രമാണ് പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള ദുഖം മാറ്റിവെച്ച് അവയവദാനത്തിനു തയ്യാറാകുന്നത് എന്നതാണ് അതിന് കാരണമായി എടുത്തു പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top