രണ്ട് പതിറ്റാണ്ടിനിടെ 42,000 തീര്‍ഥാടകര്‍ ഭരണാധികാരികളുടെ അതിഥികളായി ഹജ്ജ് തീര്‍ത്ഥാടനം നടത്തിയതായി സൗദി

പ്രതീകാത്മക ചിത്രം

രണ്ട് പതിറ്റാണ്ടിനിടെ 42,000 തീര്‍ഥാടകര്‍ സൗദി ഭരണാധികാരികളുടെ അതിഥികളായി ഹജ്ജ് തീര്‍ത്ഥാടനം നടത്തിയതായി അധികൃതര്‍ പറഞ്ഞു. 1996ല്‍ ഫഹദ് രാജാവിന്റെ കാലത്താണ് ലോക രാഷ്ട്രങ്ങളില്‍ നിന്നുളളവരെ അതിഥികളായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം പദ്ധതി ആരംഭിച്ചത്.

ഈ വര്‍ഷം 5,114 തീര്‍ഥാടകരാണ് രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിച്ചത്. സാമൂഹിക സേവനങ്ങളിലും ഇസ്‌ലാമിക സമൂഹത്തിനും സേവനം ചെയ്യുന്ന 80 രാജ്യങ്ങളില്‍ നിന്നുളള 1300 തീര്‍ത്ഥാടനംകര്‍ ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ പലസ്തീനില്‍ വീരമൃത്യൂവരിച്ചവരുടെ കുടുംബാംഗങ്ങള്‍, ഈജിപ്തില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കള്‍, സൗദി സഖ്യ സേനയില്‍ സേവനം അനുഷ്ടിക്കുന്നതിനിടെ ഹൂതി ആക്രമണത്തില്‍ വീരമൃത്യുവരിച്ച സുഡാന്‍ സൈനികരുടെ കുടുംബാഗങ്ങള്‍ എന്നിവരെയും രാജാവ് അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ ഈ വര്‍ഷം അവസരം ഒരുക്കി.

സൗദി അറേബ്യ നയതന്ത്ര ബന്ധം വിച്‌ഛേദിച്ച ഖത്തറില്‍ നിന്നുളള 1564 തീര്‍ഥാടകരെയും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ ഈ വര്‍ഷം അവസരം ഒരുക്കിയിരുന്നു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലാണ് രാജാവിന്റെ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുളളത്. രാജാവ് ഒരുക്കുന്ന പ്രത്യേക വിരുന്നിലും ഇവര്‍ പങ്കെടുക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top