‘മനസ് തകര്‍ന്ന ആ രണ്ട് സന്ദര്‍ഭങ്ങളിലും കൈത്താങ്ങായത് സിനിമ’; തുറന്നു പറഞ്ഞ് ശാന്തി കൃഷ്ണ

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഒരു കാലത്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്ന നടി ശാന്തി കൃഷ്ണ. നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തില്‍ നിവിന്റെ അമ്മയായാണ് ശാന്തിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരല്‍. സിനിമയില്‍ സജീവമായി നിന്ന് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയായി, വീണ്ടും തിരിച്ചെത്തുമ്പോള്‍ ശാന്തിക്ക് പറയാന്‍ നിരവധിയാണ് കാര്യങ്ങള്‍. ആദ്യ വിവാഹവും രണ്ടാം വിവാഹവും നല്‍കിയ പൊരുത്തക്കേടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറക്കുകയാണ് ക്ലോസ് എന്‍കൗണ്ടറിലൂടെ ശാന്തി കൃഷ്ണ.

ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചു വരുന്നത്. സിനിമയിലേക്ക് തിരിച്ചു വരുമെന്ന് ഒരിക്കലും മുന്‍ കൂട്ടി ചിന്തിച്ചിരുന്നില്ലെന്ന് ശാന്തി പറയുന്നു. ഇത്ര നാളുകള്‍ കഴിഞ്ഞ സിനിമയിലേക്ക് തിരിച്ചു വരുമെന്നോ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുമെന്നോ കരുതിയിരുന്നില്ല. സിനിമയെ ഒരിക്കലും തന്റെ കരിയറായി കണ്ടിട്ടില്ല. 1981 ല്‍ നിദ്രയില്‍ അഭിനയിച്ചത് വളരെ യാദൃശ്ചികമായാണെന്നും ശാന്തി കൃഷ്ണ പറയുന്നു.

സിനിമയും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്നു തോന്നിയതുകൊണ്ടാണ് വിവാഹ ജീവിതം മാത്രം തെരഞ്ഞെടുത്തത്. ആദ്യ വിവാഹ ബന്ധത്തില്‍ (നടന്‍ ശ്രീനാഥ്) പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ സിനിമ തന്നെ കൈപിടിച്ചു കയറ്റുകയായിരുന്നു. 1990 കളില്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് അങ്ങനെയായിരുന്നുവെന്ന് ശാന്തി പറയുന്നു.

രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായി. അതേക്കുറിച്ചൊന്നും തന്നെ ചിന്തിച്ചിരുന്നില്ല. ഒരു നല്ല കുടുംബിനിയായി, മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിച്ചു. പക്ഷേ പിന്നീട് തിരിഞ്ഞു നോക്കിയപ്പോള്‍ എവിടെയൊക്കെയോ തന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുണ്ട്. ഒരു റോബോട്ടിക് സ്‌റ്റൈലില്‍ തന്റെ ജീവിതം മാറുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ജീവിതമേയുള്ളൂ. തന്റെ നല്ല പ്രായത്തില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നതുകൊണ്ട് ആ ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടു പോകുകയായിരുന്നു. മക്കള്‍ക്ക് താനായിരുന്നു എല്ലാം. തന്റെ ഐഡന്റിറ്റിയെപ്പറ്റി അവര്‍ ചോദിക്കുന്നു. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് മക്കള്‍ കൂടി പറഞ്ഞിട്ടാണെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിന്നും രണ്ട് തവണയും മാറി നില്‍ക്കാനുള്ള തീരുമാനം തന്റേതായിരുന്നു. എന്തും സഹിക്കാനുള്ള ഒരു ശേഷി തനിക്ക് കൂടുതലായിരുന്നു. അതുകൊണ്ടാകാം കുടുംബ ജീവിതവുമായി അത്രത്തോളം പൊരുത്തപ്പെട്ടതെന്നും ശാന്തി പറയുന്നു. പ്രായം കൂടിപ്പോയതായി ഒരിക്കലും തോന്നിയില്ല. ചിലര്‍ കാണുമ്പോള്‍ 22 വര്‍ഷത്തിന് ശേഷമാണോ ഈ തിരിച്ചുവരവെന്നും വലിയ മാറ്റമില്ലല്ലോ എന്നുമൊക്കെ പറയും. ഭാഗ്യമെന്നാകും അതിന് താന്‍ മറുപടി പറയുകയെന്നും ശാന്തി പറഞ്ഞ് ചിരിക്കുന്നു.

ജീവിതത്തില്‍ തകര്‍ന്നു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. രണ്ട് തവണ ആ സാഹചര്യങ്ങളെ നേരിട്ടു. ശ്രീനാഥുമായുള്ള വിവാഹബന്ധത്തില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുഞ്ഞ് മരിച്ചത് മാനസികമായി തകര്‍ത്തു. ആ സന്ദര്‍ഭത്തിലായിരുന്നു ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിച്ചത്. അങ്ങനെ ഒരു അവസരത്തില്‍ സിനിമയിലേക്കൊന്നും തിരിച്ചു വരണമെന്ന് ചിന്തിച്ചിരുന്നില്ല. മമ്മൂക്കയും തനിക്ക് ആ കഥാപാത്രം ചെയ്യുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കി. കൈ ഒക്കെ വിയര്‍ത്താണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ ആദ്യ ഷോട്ട് തന്നെ ശരിയായെന്നും ശാന്തി പറയുന്നു.

രണ്ടാം വിവാഹ ബന്ധവും വേര്‍പെടുത്തേണ്ട അവസ്ഥയില്‍ എത്തിയപ്പോള്‍ വീണ്ടും മാനസികമായി തകര്‍ന്നു. അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ആ സംഭവം. കുട്ടികളൊക്കെ സ്‌കൂളില്‍ പോകുന്ന അവസരത്തില്‍ ഒറ്റയ്ക്കാകുന്ന അവസ്ഥ. ആശ്വസിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. തന്റെ കുറ്റംകൊണ്ടാണോ വീണ്ടും ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ചിന്തിച്ചു. ആ സമയത്ത് പിന്തുണയ്ക്കാന്‍ കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നതാണ് ആകെ ആശ്വാസം. അതിനിടെയാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യിലേക്ക് ക്ഷണിക്കുന്നതെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്ത് ഡാന്‍സ് ക്ലാസുകള്‍ നടത്തിയിരുന്നു. ഡാന്‍സ് പ്രോഗ്രാമുകള്‍ നടത്തിയിരുന്നില്ല. തന്റെ തീരുമാനങ്ങളിലെല്ലാം ജീവിതപങ്കാളികളുടെ താല്‍പര്യങ്ങള്‍ കടന്നു വന്നിട്ടുണ്ട്. താന്‍ ആരാണെന്നുള്ള ചോദ്യം പല തവണ ചോദിച്ചു. ആരെയും ആശ്രയിച്ചാകരുത് ജീവിതമെന്ന് താന്‍ പഠിച്ചു. ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണം. രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരേ പ്രാധാന്യമാണുള്ളതെന്നും ശാന്തി പറഞ്ഞു.

താനും ശ്രീനാഥും ഒരേ മേഖലയില്‍ നിന്നും ഉള്ളവരായിരുന്നു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലാന്നു കരുതി. ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സിനിമയില്‍ നിന്നും മാറി നിന്നു. ആ സമയത്ത് തനിക്ക് സിനിമകളഉണ്ടായിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ കാര്യം അങ്ങനെയായിരുന്നില്ല. സിനിമകള്‍ കുറവായിരുന്നു. അതിന് ശേഷം താന്‍ ഡാന്‍സ് ക്ലാസ് തുടങ്ങി. അവിടെയും ഈഗോ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് വിവാഹബന്ധം വേര്‍പെടുത്തേണ്ട അവസ്ഥയിലെത്തിയതെന്നും ശാന്തി പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top