ധോണിയെ തഴയാനോ? പറ്റില്ലെന്ന് തുറന്ന് പറഞ്ഞ് ശാസ്ത്രി; എംഎസ്ഡി അങ്ങനെയങ്ങ് പോകേണ്ടയാളല്ലെന്നും ഇന്ത്യന്‍ പരിശീലകന്‍

കൊളംബൊ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ടീമിന്റെ അവിഭാജ്യ ഘടകമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ ഒഴിവാക്കുന്നതിനെ കുറിച്ച് അലോചിച്ചിട്ടേ ഇല്ലെന്നും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളെന്നും ശാസ്ത്രി കൊളംബോയില്‍ പറഞ്ഞു. ധോണിയുടെ ടീമിലെ ഭാവിയെക്കുറിച്ച് പലരും ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2019 ലെ ലോകകപ്പില്‍ ധോണിക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

എംഎസ് ധോണിയെ ജീവിക്കുന്ന ഇതിഹസമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ധോണിയ്ക്ക് ഇന്ത്യന്‍ ടീമിലുള്ള സ്വാധീനം വളരെ വലുതാണ്. ഡ്രസിംഗ് റൂമിലെ ഒരു ജീവിക്കുന്ന ഇതിഹാസമാണ് ധോണി. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.

അടുത്ത ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ടീമിന് ഒരു ശക്തിയായിരിക്കുമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം എല്ലാക്കാലത്തും ടീമില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ചിലര്‍ക്ക് മാത്രമാണ് അങ്ങനെ അല്ലെന്ന് തോന്നിയിട്ടുള്ളത്. എനിക്ക് അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ ഇന്നും രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് അങ്ങനൊരു സംശയം വരുന്നത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മറന്നേക്കു. ബാറ്റിംഗിലൂടെ അതിശയിപ്പിക്കുന്നത് അദ്ദേഹം ഇനിയും തുടരും. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് വെറും ട്രെയിലറാണ്. സിനിമ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഡ്രസിംഗ് റൂമിലെ ജീവിക്കുന്ന ഇതിഹാസമാണ് ധോണി. യുവതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ പ്രചോദനാണ്. ശാസ്ത്രി പറഞ്ഞു.

മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ് ധോണി. ഇപ്പോള്‍ അദ്ദേഹം മുന്‍പത്തേക്കാള്‍ ശാരീരിക ക്ഷമതയുള്ള ആളാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ഇത് തെളിയിക്കുന്നത്. പരിശീലന മുറകളെ കുറിച്ച് അദ്ദേഹം വളരെ ബോധവാനാണ്. കൂടാതെ വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് ധോണി. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം കളിക്കുന്നുണ്ട്.

വരുന്ന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇനിയുള്ള മത്സരങ്ങളില്‍ ടീമില്‍ റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുമെന്ന് ശാസ്ത്രി പറഞ്ഞു. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണിത്. ലോകകപ്പിന് ഇനി ഒരു വര്‍ഷത്തിലേറെ സമയമുണ്ട്. അടുത്ത ഒരു വര്‍ഷം കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തും. ശാസ്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ എംഎസ് ധോണി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും അദ്ദേഹം തിളങ്ങി. 45*, 67*, 49* എന്നിങ്ങനെയായിരുന്നു രണ്ടാം ഏകദിനം മുതലുള്ള ധോണിയുടെ സ്‌കോറിംഗ്. രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വറുമൊത്തുള്ള ധോണിയുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ നാലം ഏകദിനത്തിലൂടെ ധോണി ഏകദിന ക്രിക്കറ്റില്‍ 300 മത്സരങ്ങളും പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ധോണി. ഒപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നിന്ന താരമെന്ന ലോകറെക്കോര്‍ഡും ധോണി ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top