ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാതെ

നന്ദന്‍ നിലേകനി

മുംബൈ: ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ചുമതലയേറ്റ നന്ദന്‍ നിലേകനി ശമ്പളമില്ലാതെയാവും കമ്പനി തലപ്പത്ത് ജോലി ചെയ്യുക. ഓഗസ്റ്റ് 28ന് സിഇഒ സ്ഥാനത്തുനിന്നും വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്നാണ് നിലേകനി ചെയര്‍മാനായി എത്തിയത്. ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവെച്ചത്.

ഇന്‍ഫോസിസിലേക്കുള്ള രണ്ടാം വരവാണ് നിലേകനിയുടേത്. ഇന്‍ഫോസിസിന്റെ സ്ഥാപകരായ ഏഴ് പേരില്‍ ഒരാളായ നിലേകനി 2002-2007 കാലഘട്ടത്തില്‍ ഇന്‍ഫോസിസ് ചെയര്‍മാനായിരുന്നു. ആധാര്‍ എന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് രൂപം നല്‍കാനുള്ള ദൗത്യവുമായി 2009ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്. അതേസമയം കമ്പനിയുടെ താല്‍ക്കാലിക സിഇഒയായി യുബി പ്രവീണ്‍ റാവു തന്നെ തുടരുമെന്നും, പുതിയ സിഇഒയെ കണ്ടെത്തുന്നതിനാവും പ്രഥമ പരിഗണനയെന്നും നിലേകനി വ്യക്തമാക്കിയിട്ടുണ്ട്.

2010 ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപയാണ്. ഇന്‍ഫോസിസില്‍ 0.93 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലേകനിക്കുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top