പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടി; ഒടുവില്‍ കടലില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് വേണ്ടി വന്നു

ന്യൂയോര്‍ക്ക്: പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കടലില്‍ച്ചാടിയ ആളെ ഒടുവില്‍ കടലില്‍ നിന്ന് രക്ഷിക്കാന്‍ അതേ പൊലീസ് തന്നെ വേണ്ടി വന്നു. ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ രക്ഷപ്പെടാനായി കടലില്‍ച്ചാടിയ ഇരുപത്കാരനെയാണ് സ്രാവ് വിഴുങ്ങും മുന്‍പ് പൊലീസ് രക്ഷിച്ചത്. നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സംഭവം.

അമേരിക്കക്കാരനായ സക്കറി കിങ്‌സ്ബറിയുടെ വാഹനം പരിശോധിക്കുന്നതിനിടെ കാറില്‍ കള്ളക്കടത്ത് സാമഗ്രികള്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവിനോട് കാറില്‍ നിന്ന് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങിയ സക്കറി പൊലീസിനെ വെട്ടിച്ച് ബീച്ചിനു നേര്‍ക്ക് ഓടുകയും പൊലീസിന് പിടിക്കാന്‍ കഴിയും മുന്‍പ് കടലില്‍ച്ചാടുകയും ചെയ്തു.

കടലില്‍ നീന്തി മറഞ്ഞ കിങ്‌സ്ബറിയെ കണ്ടെത്താന്‍ പൊലീസ് ഡ്രോണ്‍ ഉപയോഗിക്കുകയായിരുന്നു. കടലില്‍ നീന്തുന്ന കിങ്‌സ്ബറിയുടെ നേര്‍ക്ക് ഒരു വമ്പന്‍ സ്രാവ് നീന്തിയടുക്കുന്നതാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ വഴി പൊലീസ് കണ്ടത്. ഉടനെ രക്ഷാ പ്രവര്‍ത്തനം നടത്തിയ പൊലീസ് കിങ്‌സ്ബറിയെ രക്ഷിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സമയംകൊണ്ട് കിങ്‌സ്ബറി ഏകദേശം ഒരു മണിക്കൂറോളം സമയം കടലില്‍ നീന്തി കരയില്‍ നിന്ന് നാലായിരത്തോളം അടിയിലധികം ദൂരം സഞ്ചരിച്ചിരുന്നു. കിങ്‌സ്ബറിയുടെ പേരില്‍ വേറെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top