ലോകകപ്പ് യോഗ്യത : ജര്‍മ്മനിയ്ക്കും ഇംഗ്ലണ്ടിനും ജയം; അമേരിക്കയ്‌ക്കെതിരെ കോസ്റ്റാറിക്കയ്ക്ക് അട്ടിമറി വിജയം

മാള്‍ട്ടയ്‌ക്കെതിരെ ഹാരി കെയ്ന്‍ ഗോള്‍ നേടുന്നു

ലണ്ടന്‍ : ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയ്ക്കും, ഇംഗ്ലണ്ടിനും വിജയം. ചെക്ക് റിപ്പബ്ലിക്കിനെതിരായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മന്‍ നിരയുടെ വിജയം.

മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ ടിമോ വെര്‍ണറിലൂടെ ജര്‍മ്മനി മുന്നിലെത്തി. മെസ്യൂട്ട് ഓസിലിന്റെ പാസ്സ് വെര്‍ണര്‍ ചെക്ക് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പൊരുതി കളിച്ച ചെക്ക് നിര 78 ആം മിനുട്ടില്‍ വഌദിമിര്‍ ഡെറിഡയിലൂടെ ഒപ്പമെത്തി. ഡെറിഡയുടെ ലോംഗ് റേഞ്ചര്‍ ജര്‍മ്മന്‍ ഗോളിയെയും നിഷ്പ്രഭനാക്കി വലയിലെത്തി.

കളി ഒപ്പത്തിനൊപ്പമായതോടെ, ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ചാമ്പ്യന്മാര്‍ക്ക് വേണ്ടി അവസാന നിമിഷങ്ങളില്‍ മാറ്റ് ഹമ്മല്‍സ് വീണ്ടും ചെക്ക് വല ചലിപ്പിച്ചു. 88 ആം മിനുട്ടിലായിരുന്നു ഹമ്മല്‍സിന്റെ വിജയഗോള്‍ പിറന്നത്. ഇതോടെ യോഗ്യതാ റൗണ്ടിലെ ഏഴു മല്‍സരങ്ങളും വിജയിച്ച് ജര്‍മ്മനി ലോകകപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് മാള്‍ട്ടയെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ന്‍ രണ്ടു ഗോള്‍ നേടിയപ്പോള്‍, റയാന്‍ ബെര്‍ട്രാന്‍ഡും, ഡാനി വെല്‍ബെകും ഓരോ ഗോളും നേടി. ബെര്‍ട്രാന്‍ഡിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേട്ടമാണിത്.

അതേസമയം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അമേരിക്കയ്‌ക്കെതിരെ കോസ്റ്റാറിക്ക അട്ടിമറി വിജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു കോസ്റ്റാറിക്കയുടെ വിജയം. മാര്‍കോ യുറേനയാണ് കോസ്റ്റാറിക്കയുടെ രണ്ടു ഗോളുകളും നേടിയത്. അപ്രതീക്ഷിത തോല്‍വി പിണഞ്ഞ അമേരിക്കയ്ക്ക് അടുത്തയാഴ്ച നടക്കുന്ന ഹോണ്ടുറാസിനെതിരായ മല്‍സരം നിര്‍ണായകമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top