ഗോള്‍ വേട്ടയില്‍ പെലെയെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍ : ഗോള്‍ വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെയും മറികടന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുതിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. 77 ഗോള്‍ എന്ന പെലെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ പഴങ്കഥയാക്കിയത്.

ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഫറോ ദ്വീപിനെതിരായ മത്സരത്തിലാണ് റൊണാള്‍ഡോയുടെ നേട്ടം. എഴുപത്തെട്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോ നേടിയത്. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തമാക്കി. പതിനാല് ഗോള്‍ നേടിയാണ് റൊണാള്‍ഡോ റെക്കോര്‍ഡിട്ടത്.

78 ഗോളുമായി ഇറാഖിന്റെ ഹുസൈന്‍ സൈദിനൊപ്പമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇറാന്റെ അലി ദേയി(109), ഹംഗറിയുടെ ഫ്രാങ്ക് പുഷ്‌കാസ് (84), ജപ്പാന്റെ കുന്‍ഷിഗ കമമോട്ടോ(80),സാമ്പിയയുടെ ഗോഡ്ഫ്രി ചിതാലു(79) എന്നിവരാണ് ഗോള്‍നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്.

144 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 78 ഗോള്‍ നേടിയത്. പെലെയാവട്ടെ 92 മത്സരങ്ങളില്‍ നിന്നാണ് 77 ഗോളുകള്‍ നേടിയത്. ഫറോ ദ്വീപിനെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ ഹാട്രിക് നേടി. മല്‍സരത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ തകര്‍പ്പന്‍ വിജയവും പോര്‍ച്ചുഗല്‍ കരസ്ഥമാക്കി. റൊണാള്‍ഡോയുടെ കരിയറിലെ 48 ആം ഹാട്രിക് നേട്ടം കൂടിയാണിത്.

തന്റെ റെക്കോഡ് മറികടന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഫുട്‌ബോള്‍ ഇതിഹാസം പെലെ അഭിനന്ദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top