ക്യാപ്റ്റന്‍ കോഹ്‌ലിയെ പുറത്താക്കിയ ലസിത് മലിംഗയെ രോഹിത് ശര്‍മ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു; വീഡിയോ വൈറലാകുന്നു

കൊളംബൊ: സ്വന്തം ടീമിലെ കളിക്കാരനെ, അതും സെഞ്ച്വറിയുമായി തകര്‍ത്ത് കളിക്കുന്ന ക്യാപ്റ്റനെ പുറത്താക്കിയ എതിര്‍ ടീമിലെ ബൗളറെ അഭിനന്ദിക്കുക. ആരെങ്കിലും ചെയ്യുന്ന കാര്യമാണോയെന്ന് സംശയിച്ചേക്കും. എന്നാല്‍ അങ്ങനെ ഒരു താരം കഴിഞ്ഞ ദിവസം ചെയ്തു, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.

തനിക്കൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെയാണ് കോഹ്‌ലിയെ ലങ്കന്‍ താരം ലസിത് മലിംഗ പുറത്താക്കിയത്. 96 പന്തില്‍ 131 റണ്‍സ് എടുത്ത് നില്‍ക്കവെയായിരുന്നു ഇന്ത്യന്‍ നായകന്റെ പുറത്താകല്‍. ബാറ്റ് വീശി കാണികളെ അഭിവാദ്യം ചെയ്ത് കോഹ്‌ലി നടന്നുനീങ്ങി. വിക്കറ്റ് വീഴ്ത്തിയ മലിംഗയെ ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ രോഹിത് ശര്‍മയായിരുന്നു. മലിംഗയെ കെട്ടിപ്പുണര്‍ന്നാണ് ശര്‍മ അഭിനന്ദിച്ചത്.


ഇതിനൊരു കാരണമുണ്ട്. ഏകദിന ക്രിക്കറ്റില്‍ തന്റെ മുന്നൂറാം വിക്കറ്റായിരുന്നു കോഹ്‌ലിയെ പുറത്താക്കി മലിംഗ നേടിയത്. ഏകദിനത്തില്‍ മുന്നൂറാം വിക്കറ്റ് തികച്ച താരത്തിനുള്ള അഭിനന്ദനമായിരുന്നു അത്. ഇപ്പോള്‍ എതിര്‍ പാളയത്തിലാണെങ്കിലും ഐപിഎല്ലില്‍ സ്വന്തം ടീമിലെ അംഗമാണ് മലിംഗ. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗിന്റെ കുന്തമുനയാണ് മലിംഗ. ഐപിഎല്‍ ടീമിലെ തന്റെ സഹതാരത്തിനുള്ള അഭിനന്ദനം കൂടിയായിരുന്നു ആ ആശ്ലേഷം.

കോഹ്‌ലി പുറത്തായ ശേഷം രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. 88 പന്തില്‍ 104 റണ്‍സെടുത്താണ് ശര്‍മ പുറത്തായത്.രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ശര്‍മയും 219 റണ്‍സാണ് ചേര്‍ത്തത്.

മലിംഗ മുന്നൂറ് വിക്കറ്റ് തികച്ച മത്സരത്തില്‍ പക്ഷെ ലങ്കയ്ക്ക് നാണം കെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്ത്യയോട് 168 റണ്‍സിനാണ് ലങ്ക തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് പുറത്തായി. മത്സരത്തില്‍ പത്തോവര്‍ എറിഞ്ഞ മലിംഗ 82 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top