ഒടിയനിലേക്കുള്ള മോഹന്‍ലാലിന്റെ പ്രയാണം തുടങ്ങി; ലാലിന്റെ വേഷപ്പകര്‍ച്ചയുടെ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു. വാരാണസിയിലും ബനാറസിലുമായിട്ടാണ് ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ് തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സന്യാസിയുടെ വേഷത്തിലുള്ള ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായിട്ടാണ് ലാല്‍ വേഷമിടുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍.

ഒരു മാജിക്കല്‍ റിയലിസമാണ് ഒടിയന്‍. 1950 നും 1990 നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top