യുഎസ് ഓപ്പണ്‍: ഫെഡറര്‍, നദാല്‍, ഷറപ്പോവ മൂന്നാം റൗണ്ടില്‍; അട്ടിമറികള്‍ തുടരുന്നു

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗത്തില്‍ നാലാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവ്, എട്ടാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗ, വനിതാ വിഭാഗത്തില്‍ അഞ്ചാം സീഡ് കരോളിന്‍ വോസ്‌നിയാക്കി എന്നിവര്‍ പുറത്തായി. അതേസമയം റഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, മരിന്‍ സിലിച്, മരിയ ഷറപ്പോവ എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മുന്‍ ലോക ഒന്നാം നമ്പര്‍ വോസ്‌നിയാക്കി റഷ്യയുടെ ഏക്തരീന മക്കറോവയോടാണ് തോറ്റു പുറത്തായത്. സ്‌കോര്‍ (2-6, 7-6, 1-6). അലക്‌സാണ്ടര്‍ സവറേവിനെ ക്രൊയേഷ്യയുടെ ബോര്‍ണോ കോറിച്ചും (3-6, 7-5, 7-6, 7-6) സോംഗയെ കാനഡയുടെ 18 കാരന്‍ ഡെനിസ് ഷപോവലോവും (6-4, 6-4, 7-6) 14 ആം സീഡ് ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ സ്വന്തം നാട്ടുകാരനായ ജോണ്‍ മില്‍മാനും (6-3, 1-6, 6-4, 6-1) തോല്‍പ്പിച്ചു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അഞ്ചുവട്ടം ചാമ്പ്യനായ ഫെഡറര്‍ വിജയം കണ്ടത്. റഷ്യയുടെ മിഖായേല്‍ യൂഷിനിയാണ് രണ്ടാം റൗണ്ടില്‍ ഫെഡററെ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. സ്‌കോര്‍ (6-1, 6-7, 4-6, 6-4, 6-2). ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ ജപ്പാന്റെ തരോ ഡാനിയേലിനെ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍ (4-6, 6-3, 6-2, 6-2).

ആദ്യ റൗണ്ടില്‍ അനായാസ വിജയം കുറിച്ച മരിയ ഷറപ്പോവ റണ്ടാം റൗണ്ടില്‍ ഏറെ വിയര്‍പ്പൊഴിക്കിയ ശേഷമാണ് വിജയതാരമണഞ്ഞത്. ഹംഗറിയുടെ ടിമിയ ബാബോസിനെ 6-7, 6-4, 6-1 എന്ന സ്‌കോറിനാണ് ഷറപ്പോവ തോല്‍പ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top