ഐആര്‍എന്‍എസ്എസ്-എച്ച്1 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട: ഐആര്‍എന്‍എസ്എസ്-എച്ച്1 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയമടഞ്ഞു. റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് പണിമുടക്കിയതാണ് ഉദ്യമം പരാജയപ്പെടാന്‍ കാരണം. പിഎസ്എല്‍വി-സി39 എന്ന റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിച്ചത്.

റോക്കറ്റിന്റെ അഗ്രഭാഗത്തുളള ഹീറ്റ് ഷീല്‍ഡിന് നിശ്ചിതമായ സമയത്ത് വേര്‍പെടാനായില്ല. വിക്ഷേപണത്തിനുശേഷം മൂന്ന് മിനുട്ടും 23 സെക്കന്റും കഴിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കപ്പെട്ടിരുന്ന ഹീറ്റ് ഷീല്‍ഡ് കൃത്യസമയത്ത് പണിമുടക്കുകയാണുണ്ടായത്.

“മിഷന്‍ ഒരു പരാജയമായി. വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും നല്ല രീതിയില്‍ കഴിഞ്ഞുവെങ്കിലും ഒരബദ്ധം സംഭവിച്ചു. ഹീറ്റ് ഷീല്‍ഡ് വേര്‍പെട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതേയുള്ളൂ”, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെ ജിപിഎസ് എന്ന രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഐആര്‍എന്‍എസ്എസ്-എച്ച്1 വിക്ഷേപിച്ചത്. കപ്പല്‍ മാര്‍ഗങ്ങള്‍ക്കായും പ്രതിരോധത്തിനുമായി നിലവില്‍ ഈ ഉപഗ്രഹങ്ങളെ നല്ല രീതിയില്‍ ആശ്രയിച്ചുവരുന്നു.

ഐആര്‍എന്‍എസ്എസ്-എ1 മുതല്‍ ഐആര്‍എന്‍എസ്എസ്- ജി1 വരെയുള്ള ഏഴ് ഉപഗ്രഹങ്ങളില്‍ ഈ സംവിധാനം ഭദ്രമായിരിക്കുമ്പോഴാണ് ഐആര്‍എന്‍എസ്എസ്-എ1 എന്ന ഉപഗ്രഹത്തിലെ ആറ്റോമിക് ക്ലോക്ക് പ്രവര്‍ത്തന രഹിതമാകുന്നത്. ഐആര്‍എന്‍എസ്എസ്-എ1ന് പകരമായാണ് ഐആര്‍എന്‍എസ്എസ്-എച്ച്1 വിക്ഷേപിച്ചത്. ഈ ഉപഗ്രഹമാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്താതെ പൊലിഞ്ഞിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top