നാലാം ഏകദിനം: ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്, തകര്‍പ്പന്‍ തുടക്കം

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 17 ഓവറില്‍ ഒരു വിക്കറ്റിന് 126 റണ്‍സ് എടുത്തിട്ടുണ്ട്. 55 പന്തില്‍ 77 റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്‌ലിയും 38 പന്തില്‍ 42 റണ്‍സുമായി ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. നാലുറണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. വിശ്വ ഫെര്‍ണാണ്ടോയ്ക്കാണ് വിക്കറ്റ്.

12 ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടതാണ് കോഹ്‌ലിയുടെ 50 റണ്‍സ്. കരിയറിലെ നാല്‍പ്പത്തിയഞ്ചാം അര്‍ദ്ധ ശതകമാണ് കോഹ്‌ലി ഇന്ന് കുറിച്ചത്. ശര്‍മ മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു.

ടോസ് നേടിയ ക്യാപ്റ്റന്‍ കോഹ്‌ലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് ബാറ്റിംഗ് തെരഞ്ഞെടുത്തത്. സ്‌കോര്‍ ആറില്‍ നില്‍ക്കെ പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ധവാനെ പുറത്താക്കി വിശ്വ ഫെര്‍ണാണ്ടോ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. എന്നാല്‍ പിന്നീട് വന്ന കോഹ്‌ലി തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചതോടെ സ്‌കോറിംഗ് വേഗത്തിലായി. ഓവറില്‍ ആറു റണ്‍ ശരാശരിയിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്യുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് പരമ്പര ഇതിനോടകം അടിയറ വെച്ച ലങ്കയ്ക്ക് നാണക്കേടിന്റെ ഭാരം കുറയ്ക്കാനുള്ള അവസരങ്ങളാണ് ഇനിയുള്ള മത്സരങ്ങള്‍. മാത്രവുമല്ല, 2019 ലെ ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടണമെങ്കില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങളിലെങ്കിലും ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top