ഇന്ത്യ-ലങ്ക നാലാം ഏകദിനം ഇന്ന്; നാണക്കേട് ഒഴിവാക്കാന്‍ ആതിഥേയര്‍

പല്ലേക്കലെ: സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ ഒരു വിജയം. അതാണ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ആതിഥേയരായ ലങ്കയുടെ ലക്ഷ്യം. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ലങ്ക ദയനീയമായി തോറ്റു. നാണക്കേടിന്റെ ഭാരം കുറയ്ക്കാന്‍ പരമ്പരയില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ ലങ്കയ്ക്ക് വിജയം അനിവാര്യമാണ്.

പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ ടീമില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയാവും ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഇറങ്ങുക. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ താരം എംഎസ് ധോണി തന്റെ മുന്നൂറാം ഏകദിന മത്സരത്തിന് ഇറങ്ങുന്നു എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്. രണ്ട് ലോക റെക്കോര്‍ഡുകളും എംഎസ്ഡിയെ കാത്തിരിപ്പുണ്ട്.

പരുക്കിന്റെ പിടിയിലാണ് ലങ്കന്‍നിര. പുതിയ നായകന് കീഴിലാണ് ഇന്ന് ടീം മത്സരത്തിനിറങ്ങുന്നത്. പേസ് ബൗളര്‍ ലസിത് മലിംഗയാണ് ലങ്കയെ നയിക്കുക. ഈ ഏകദിന പരമ്പരയിലെ മൂന്നാം നായകനാണ് മലിംഗ. ആദ്യ രണ്ട് മത്സരങ്ങളില്‍ ഉപുല്‍ തരംഗയായിരുന്നു നായകന്‍. എന്നാല്‍ രണ്ടാം മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് കിട്ടിയതോടെ മൂന്നാം ഏകദിനത്തില്‍ ചാമര കപ്പുഗേദരയെ നായകനാക്കി. എന്നാല്‍ മത്സരത്തിനിടെ പരുക്കേറ്റ കപ്പുഗേദരയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ മലിംഗയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരം മൂന്ന് വിക്കറ്റിനും മൂന്നാം മത്സരം ആറുവിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതില്‍ രണ്ടാം മത്സരത്തില്‍ മാത്രമാണ് ലങ്കയ്ക്ക് അല്‍പമെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top