കടവരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍

ജോണി പൊലീസ് കസ്റ്റഡിയില്‍

കാലടി: കഴിഞ്ഞദിവസം എറണാകുളം കാലടിക്ക് സമീപം മഞ്ഞപ്രയില്‍ കടവരാന്തയില്‍ വൃദ്ധന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. റൈഗന്‍ ജോണി എന്നറിയപ്പെടുന്ന കറുകുറ്റി മാമ്പിള്ളില്‍ ജോണി (52)ആണ് അറസ്റ്റിലായത്. മഞ്ഞപ്ര പോണയില്‍ കൃഷ്ണന്‍കുട്ടി (62) യെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കടവരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തന്റെ കൈവശമുണ്ടായിരുന്ന പണം കൃഷ്ണന്‍കുട്ടി മോഷ്ടിച്ചുവെന്ന സംശയത്തില്‍ ജോണി, കൃഷ്ണന്‍കുട്ടിയെ മൃഗീയമായി മര്‍ദ്ദിക്കുകയും മര്‍ദ്ദനത്തില്‍ കൃഷ്ണന്‍കുട്ടി മരിച്ചുവെന്നുമാണ് ജോണിയെ അറസ്റ്റ് ചെയ്ത കാലടി പൊലീസ് പറയുന്നത്.

മഞ്ഞപ്രയില്‍ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് കൃഷ്ണന്‍കുട്ടിയുടെ ജഡം കാണപ്പെട്ടത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലായിരുന്നു ജഡം. കവലകളിലെ ചെറുജോലികള്‍ ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന ഇയാള്‍ വീട്ടില്‍ പോകാതെ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങിയിരുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം വീട്ടില്‍ നിന്ന് ജോണി തന്റെ പേരക്കുട്ടിയുടെ സ്വര്‍ണമോതിരവുമായാണ് കവലയിലേക്ക് വന്നത്. മോതിരം പണയപ്പെടുത്തി 10000 രൂപ വാങ്ങി. പിന്നീട് മദ്യം വാങ്ങി കൃഷ്ണന്‍കുട്ടിയുമായി ചേര്‍ന്ന് കഴിച്ചു. ബാക്കി 7000ത്തിലധികം രൂപ മുണ്ടിന്റെ അറ്റത്ത് കെട്ടി സൂക്ഷിച്ചിരുന്നു. മദ്യലഹരിയില്‍ കടവരാന്തയില്‍ കിടന്ന് ജോണി ഉറങ്ങിപ്പോയി. രാത്രി വൈകിയാണ് ഉണര്‍ന്നത്. അപ്പോള്‍ മുണ്ടില്‍കെട്ടിവച്ചിരുന്ന പണം കണാനില്ലായിരുന്നു. സമീപത്ത് കിടന്ന് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍കുട്ടിയാകും പണം മോഷ്ടിച്ചതെന്ന കരുതി പണം ചോദിച്ച് ഇയാളെ ജോണി മര്‍ദ്ദിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ കഷ്ണന്‍കുട്ടി നിലത്തു വീണു.പിന്നീട് വീണു കിടന്ന ഇയാളെ ജോണി പലവട്ടം തൊഴിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. അനക്കം നിലയ്ക്കും വരെ ആക്രമണം തുടര്‍ന്നു. തുടര്‍ന്ന് പണത്തിനായി കഷ്ണന്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വരെ അഴിച്ച് പരിശോധിച്ചെങ്കിലും ലഭിച്ചില്ല.

കൃഷ്ണന്‍കുട്ടി മരിച്ചെന്ന് മനസിലാക്കി സ്ഥലംവിട്ട ജോണി നാടുവിട്ടു. വീട്ടില്‍ നിന്ന് തന്റെ വസ്ത്രങ്ങള്‍ എടുക്കാന്‍ വന്നപ്പോള്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു. മോഷണക്കേസില്‍ മുന്‍പ് ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണ് ജോണിയെന്ന് പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top