വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഇന്ന് തുടക്കം; ബലിപെരുന്നാള്‍ വെള്ളിയാഴ്ച

ഫയല്‍ ചിത്രം

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഇന്ന് തുടക്കമാകും. തമ്പുകളിലെ രാപാര്‍ക്കലോടെയാണ് ഹജ്ജിന് തുടക്കമാകുന്നത്. വ്യാഴാഴ്ചയാണ് അറഫാ സംഗമം. വെള്ളിയാഴ്ച ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ മിനായിലെത്തി.

വിദേശങ്ങളില്‍നിന്ന് ഇതുവരെ 17,35,391 തീര്‍ഥാടകര്‍ മക്കയില്‍ എത്തിക്കഴിഞ്ഞതായി സൗദി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ വിദേശ ഹാജിമാരുടെ എണ്ണം 4.18 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, ഹജ്ജ് നിര്‍വഹിക്കുന്നതിന് സൗദിയില്‍നിന്ന് 1,23,415 സ്വദേശികള്‍ക്കും 10,912 വിദേശികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന ദിവസം വ്യാഴാഴ്ച (ദുല്‍ഹജ് ഒമ്പത്) വരെയാണ്.

ബുധനാഴ്ച മിനയിലെ തമ്പുകളില്‍ രാപാര്‍ക്കുന്ന തീര്‍ഥാടകര്‍ ളുഹര്‍, അസര്‍, മഗ്രിബ്, ഇശാഅ്, സുബ്ഹ് എന്നീ നമസ്‌കാരങ്ങള്‍ മിനയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് അറഫാ മഹാസംഗമത്തിനു പുറപ്പെടും. ഇതിനുശേഷം മുസ്ദലിഫയില്‍ അന്തിയുറങ്ങി ഹാജിമാര്‍ പ്രഭാത നമസ്‌കാരത്തിന് ശേഷം മിനായിലെ തമ്പുകളില്‍ മടങ്ങിയെത്തും. അടുത്ത ദിവസങ്ങളിലെ കര്‍മങ്ങള്‍ കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുക.

തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുരക്ഷ കുറ്റമറ്റതാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഒരു ലക്ഷത്തോളം സൈനികരെ ഹജ്ജ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് പതിനേഴര ലക്ഷത്തോളം തിര്‍ത്ഥാടകരാണ് വിദേശത്തുനിന്നും ഹജ്ജുകര്‍മ്മത്തിനെത്തിയത്. ഒരുലക്ഷത്തി എഴുപതിനായിരം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍നിന്നുമെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top