സ്വാശ്രയ പ്രവേശനം: ഇളവ് അനുവദിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകള്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസില്‍ ഇളവ് അനുവദിക്കാമെന്ന് വ്യക്തമാക്കി രണ്ട് മെഡിക്കല്‍ കോളെജുകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പ്രവേശന ഫീസായ 11 ലക്ഷത്തിലെ ആറുലക്ഷത്തിന് ബാങ്ക് ഗ്യാരന്റിക്ക് പകരം ബോണ്ട് മതിയെന്നാണ് ഇരുകോളെജുകളും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളില്‍ ആറുലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരന്റിക്ക് പകരം ബോണ്ട് മതിയെന്നാണ് കോളെജുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആറുലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരന്റി തന്നെ നല്‍കണമെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. വാര്‍ഷിക ഫീസ് 11 ലക്ഷമായി കോടതി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പ്രവേശനത്തിനായി കാത്തിനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് കോളെജുകള്‍ ഇളവ് അനുവദിക്കാന്‍ തയ്യാറായത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള കോളെജുകള്‍ രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച അഞ്ച്‌ലക്ഷം വാര്‍ഷികഫീസ് മതിയെന്ന് നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഫീസ് അടയ്ക്കുമെന്ന ഉറപ്പിന് ബാങ്ക് ഗ്യാരന്റിയോ ബോണ്ടോ വാങ്ങുന്നില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമല, ജൂബിലി, പുഷ്പഗിരി, മലങ്കര എന്നീ മെഡിക്കല്‍ കോളെജുകളും പുഷ്പഗിരി ഡെന്റല്‍ കോളെജുമാണ് മാനേജ്‌മെന്റിന് കീഴിലുള്ളത്.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ എംബിബിഎസിന് ഈ വര്‍ഷം 11 ലക്ഷം രൂപവരെ ഫീസ് ഈടാക്കാമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം രൂപ ഉടനെ നല്‍കണം. ബാക്കിത്തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ 15 ദിവസത്തിനകം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top